- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവിധ ഭീകരാക്രമണങ്ങളിലായി 400 പേരുടെ ജീവനെടുത്ത ബ്രിട്ടീഷ് വൈറ്റ് വിഡോ ഇപ്പോൾ യുദ്ധം നയിക്കുന്നത് യെമനിലോ ? ഇസ്ലാമിലേക്ക് ചേക്കേറി മാനവരാശിക്കെതിരെ യുദ്ധം ചെയ്യുന്ന വെള്ളക്കാരി വീണ്ടും വാർത്തകളിൽ; ഭീകരതയുടെ പര്യായമായി മാറിയ വെളുത്ത വിധവയുടെ കഥ
ലോകത്തിലെ ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ വനിത സമന്ത ല്യുത്ത്വെയ്റ്റ് യെമനിൽ ജിഹാദികൾക്കൊപ്പം പോരാടുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. 400 പേരുടെ മരണത്തിനിടയാക്കിയ 7/7ലെ ആത്മഹത്യാ ബോംബാക്രമണത്തിലെ പ്രതികളിലൊരാളെയാണ് ഈ 37 കാരി വിവാഹം ചെയ്തിരിക്കുന്നത്. ഏകദേശം 200 മൈലുകളോളം താണ്ടി 2018-ലാണ് ഇവർ ആഫ്രിക്കയിൽ നിന്നും മദ്ധ്യപൂർവ്വദേശത്ത് എത്തിയതെന്നും വിശ്വസിക്കുന്നു.
ഭീകരതയുടെ പര്യായമായി മാറിയ വെളുത്ത വിധവ
ഡൗൺ കൗണ്ടിയിലെ ബാൻബ്രിഡ്ജിൽമുൻ ബ്രിട്ടീഷ് സൈനികന്റെ മകളായിട്ടാണ് സമന്ത ലൂയിസ് ല്യുത്വെയറിന്റെ ജനനം. പിന്നീട് സൈനികവൃത്തി ഉപേക്ഷിച്ച് ലോറി ഡ്രൈവർ ആയ അച്ഛനും അമ്മയ്ക്കുമൊപ്പം അയ്ൽസ്ബറിയിലായിരുന്നു താമസം. എൽമസ്റ്റ് മിഡിൽ സ്‌കൂളിലും ഗ്രാംഗ് സെക്കൻഡറി സ്‌കൂളിലുമായി സ്‌കൂൾ പഠനം പൂർത്തിയാക്കിയ ഇവർ യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ ബിരുദപഠനത്തിന് ചേർന്നുവെങ്കിലും അത് പൂർത്തിയാക്കിയില്ല.
1994-ൽ മാതാപിതാക്കൾ വിവാഹമോചിതരായതോടെയാണ് സമന്തയുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായത്. അന്ന് കേവലം 11 വയസ്സു മാത്രം പ്രായം ഉണ്ടായിരുന്ന ഈ കൗമാരക്കാരിയെ മാതാപിതാക്കളുടെ വേർപിരിയൽ മാനസികമായി ഉലച്ചു. തുടർന്ന് അവൾ ആശ്വാസം കണ്ടെത്തിയത് അയൽവാസികളായ മുസ്ലിം കുടുംബങ്ങൾക്കൊപ്പമായിരുന്നു. അങ്ങനെയാണ് കൃസ്ത്യാനിയായി വളർന്ന സമന്ത തന്റെ പതിനേഴാം വയസ്സിൽ ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത്.തുടർന്ന് അവർ ഷെറാഫിയ എന്ന പേര് സ്വീകരിച്ചു.
ലോകത്തിലെ അനാവശ്യ യുദ്ധങ്ങൾക്കെതിരെ മനുഷ്യ മനസാക്ഷിയെ ഉണർത്താൻ 2001 -ൽ രൂപീകരിച്ച സ്റ്റോപ് ദി വാർ എന്ന സംഘടനയിലൂടെയാണ് ഇവർ ജെർമെയ്ൻ ലിൻഡ്സയെ പരിചയപ്പെടുന്നത്. പിന്നീട് 2002 -ൽ ഇവർ വിവാഹിതരാവുകയും ചെയ്തു. സമന്തയുടെ മതമാറ്റത്തെ അംഗീകരിക്കാതിരുന്ന മാതാപിതാക്കൾ ഇസ്ലാമിക രീതിയിൽ നടന്ന വിവാഹ ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല.
മൂന്ന് വർഷങ്ങൾക്ക് ശേഷം കിങ്സ് ക്രോസ്സിൽ നിന്നും റസ്സൽ സ്‌ക്വയറിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ വെച്ച് ലിൻഡ്സേ തന്റെ ദേഹത്ത് ഘടിപ്പിച്ച ബോംബിനൊപ്പം പൊട്ടിത്തെറിച്ചു. 26 പേരാണ് ആ അത്മഹത്യാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അന്ന് സമന്ത എട്ടുമാസം ഗർഭിണിയായിരുന്നു. അവരുടെ മൂത്ത മകന് 14 മാസം പ്രായവും. ആക്രമണത്തിനു ശേഷം തന്റെ ഭർത്താവിനെ കാണ്മാനില്ലെന്ന് കാട്ടി സമന്ത പൊലീസിൽ പരാതി നൽകുകയായിരുന്നു. ആക്രമണത്തെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള അറിവ് തനിക്കുണ്ടായിരുന്നു എന്ന കാര്യം ഇവർ നിഷേധിക്കുകയും ചെയ്തിരുന്നു.
രണ്ടാം വിവാഹവും അപ്രത്യക്ഷമാകലും
ആക്രമണത്തെ ശക്തമായി അപലപിച്ച സമന്തയെ പിന്നീട് പൊലീസ് സുരക്ഷാ കസ്റ്റഡിയിൽ പാർപ്പിച്ചു. അക്രമാസക്തരായ ജനക്കൂട്ടം ഇവരുടെ വീട് ആക്രമിച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, തുടരന്വേഷണത്തിൽ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ മുഹമ്മദ് സിദ്ദിഖ് ഖാനുമായി ഇവർക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നതായി തെളിഞ്ഞു. പിന്നീട് ഇവർ ഹൺസ്ലോ സ്വദേശിയായ ഹബീബ് സാലി ഘാനിയെ വിവാഹം കഴിച്ചു. പിന്നീട് വടക്കൻ ഇംഗ്ലണ്ടിലേക്ക് താമസം മാറ്റിയ ഇവർ അധികം വൈകാതെ അപ്രത്യക്ഷയാവുകയായിരുന്നു. അവർ താൻസാനിയയിലേക്കോ സോമാലിയയിലേക്കോ കടന്നു എന്നാണ് വിശ്വസിച്ചിരുന്നത്.
ദക്ഷിണാഫ്രിക്കയിലെ താമസവും വെളൂത്ത വിധവയിലേക്കുള്ള പരിണാമവും
2012-ൽ കെനിയൻ ഭീകരവിരുദ്ധ സേന ഒരു ബ്രിട്ടീഷ് വനിതക്കെതിരെഅറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെയാണ് സമന്ത വീണ്ടും വാർത്തകളിൽ നിറയുന്നത്. ഇവർക്ക് മൂന്ന് വ്യത്യസ്ത പേരുകളിൽ പാസ്സ്പോർട്ടുകൾ ഉണ്ടെന്നും ഇവരോടൊപ്പം മൂന്ന് കുട്ടികൾ ഉണ്ടെന്നും കെനിയൻ സൈന്യം വ്യക്തമാക്കിയിരുന്നു. അതിൽ ഒന്ന് സമന്ത ല്യുത്ത്വെയ്റ്റ് എന്ന പേരിലാണെന്നും അവർ വ്യക്തമാക്കി. കെനിയയിൽ ആക്രമണ പരമ്പരകൾ ആസൂത്രണം ചെയ്യുന്ന അൽ ഷബാബ് എന്ന തീവ്രവാദി സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്നും കെനിയ വ്യക്തമാക്കിയിരുന്നു.
തുടർന്ന് ബ്രിട്ടനിൽ ഇവർക്കായി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിനിടയിലാണ് ഇവരുടെ ഒരു പാസ്സ്പോർട്ട് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളതാണെന്നും അത് വ്യാജമായി സംഘടിപ്പിച്ചതാണെന്നുമുള്ള വിവരം പുറത്തുവന്നത്. ജോഹന്നാസ്ബർഗിലെ ഒരു ഹലാൽമീറ്റ് കമ്പനിയിൽ ഐ ടി വിദഗ്ദയായി ഇവർ ജോലി ചെയ്തിരുന്നു എന്ന് മനസ്സിലായി. അതിനിടയിൽ രണ്ടാം ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച ഇവർ, അൽ-ഷബാബിൽ അംഗമായ ഒരു മുൻ കെനിയൻ നേവൽ ഉദ്യോഗസ്ഥനിൽ നിന്നും നാലാമതും ഗർഭം ധരിച്ചിരുന്നു. ജോഹന്നാസ്ബർഗിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഇവർ നാലമത്തെ കുഞ്ഞിന് ജന്മം നൽകിയത്.
പിന്നീട് 2011-ൽ ജെമൈനി ഗ്രാന്റ് എന്ന പേരിൽ താമസിച്ചിരുന്ന ബ്രിട്ടീഷ് മുസ്ലിം ആയ അലി മുഹമ്മദ് ഇബ്രാഹിമിനെ കെനിയൻ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നത്. അപ്പോഴേക്കും അൽ ഷബാബിൽ സുപ്രധാന സ്ഥാനത്ത് എത്തിയിരുന്ന ഇവർ വെളുത്ത വിധവ എന്നപേരിലായിരുന്നു തീവ്രവാദികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. മൊംബാസയിൽ 2012- ൽ നടന്ന ബോംബാക്രമണത്തിലും നെയ്‌രോബിയിലെ ഷോപ്പിങ് മാളീൽ 2013-ൽ നടന്ന ആക്രമണത്തിലും ഇവരുടെ പേർ പൊങ്ങി വന്നിരുന്നു.
സൊമാലിയയിലേക്ക് കുടിയേറുന്നു
കെനിയൻ പൊലീസിന്റെ അന്വേഷണം മുറുകിയതോടെ ഇവർ കെനിയ വിട്ടുപോകാൻ നിർബന്ധിതയാവുകയായിരുന്നു. പിന്നീട് ഇവർ ഏറെക്കാലം സൊമാലിയയിൽ അൽ ഷബാബ് തീവ്രവാദികൾക്കൊപ്പമായിരുന്നു എന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇവർ ഏഡൻ ഉൾക്കടൽ വഴി 200 മൈൽ സഞ്ചരിച്ച് യെമനിൽ എത്തിച്ചേർന്നതായും റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നു. അവർ അവിടെ സർക്കാരിനെതിരെയുള്ള ആഭ്യന്തര യുദ്ധത്തിൽ സജീവമായി പങ്കെടുക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ