കൊവിഡ് വാക്‌സിൻ നിർബ്ബന്ധമാക്കിയ സർക്കാർ നടപടിക്കെതിരെ ന്യൂസിലാൻഡിൽ പ്രക്ഷോഭം ശക്തം. വാക്‌സിൻ നിർബ്ബന്ധമാക്കിയതിനും ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനും സർക്കാരിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങി.

മാസ്‌ക് ധരിക്കാത്ത പ്രതിഷേധക്കാർ പാർലമെന്റിന് പുറത്ത് തടിച്ചു കൂടിയതോടെ പാർലമെന്റ് മന്ദിരത്തിലേക്കുള്ള രണ്ട് കവാടങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർ അടച്ചു. തങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്നും കിവികൾ പരീക്ഷണ എലികൾ അല്ലെന്നുമുള്ള പ്ലക്കാർഡുകൾ ഉയർത്തി പിടിച്ചായിരുന്നു പ്രകടനം.

മുഖംമൂടി ധരിക്കാത്ത പ്രതിഷേധക്കാർ സെൻട്രൽ വെല്ലിങ്ടണിലൂടെ മാർച്ച് ചെയ്യുകയും പാർലമെന്റിന് പുറത്ത് ഒത്തുകൂടുകയും ചെയ്തു.ഞങ്ങൾക്ക് ആവശ്യമില്ലാത്ത ഒന്നും ഞങ്ങളുടെ ശരീരത്തിലേക്ക് കുത്തിക്കയറ്റരുതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ന്യൂസിലാൻഡിൽ കോവിഡ് ഡെൽറ്റ വ്യാപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പ്രധാനമന്ത്രി ജസീന്ത ആൻഡേഴ്‌സൺ നടപടികൾ ശക്തമാക്കിയത്. രാജ്യത്തെ അദ്ധ്യാപകരും ആരോഗ്യ പ്രവർത്തകരും എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു.