ഷാർജ : ജീവിതത്തിലും കരിയറിലും വിജയം ഉറപ്പാക്കുന്നതിൽ പ്രചോദനങ്ങളുടെ പങ്ക് അനുദിനം വർദ്ധിച്ച് വരികയാണെന്ന് സഫാരി ഗ്രൂപ്പ് ചെയർമാനും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ അബൂബക്കർ മാടപ്പാട്ട് അഭിപ്രായപ്പെട്ടു.

നാൽപതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ ഗൾഫിലെ മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവത വിജയം നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. നിരന്തരമായ പരിശ്രമങ്ങളും കഠിനാദ്ധ്വാനവും ടീം വർക്കുമൊക്കെ അതിൽ പ്രധാനങ്ങളാണ്. ഈ ഗുണങ്ങളെയൊക്കെ അരക്കിട്ടുറപ്പിക്കുകയും വിജയപഥത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നതിൽ പ്രചോദനങ്ങൾക്ക് കാര്യമായ പങ്ക് വഹിക്കാൻ കഴിയുമെന്നാണ് അനുഭവം തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ആദ്യ പ്രതി ഏറ്റുവാങ്ങി. വിജയമന്ത്രങ്ങൾ കോവിഡ് കാലം സമ്മാനിച്ച ഏറ്റവും സർഗാത്മകമായ ഒരു പ്രവർത്തനമായിരുന്നുവെന്നും ജനലക്ഷങ്ങളെ സ്വാധീനിച്ച ഒരു പോഡ്കാസ്റ്റായിരുന്നുവെന്നും പുസ്തകത്തിന്റെ മറ്റൊരു ഭാഗം പ്രകാശനം ചെയ്ത സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ അഭിപ്രായപ്പെട്ടു. എല്ലാ ആളുകൾക്കും ആശ്വാസത്തിന്റെ തണലേകുന്ന സന്ദേശപ്രധാനമായ വാക്കുകളും അനുഭവങ്ങളും ഏറെ സഹായകമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിരന്തരം മോട്ടിവേഷനുകൾ കേൾക്കുന്നതും വായിക്കുന്നതുമൊക്കെ വ്യക്തികളെ ഉന്നതിയിലേക്ക് നയിക്കുമെന്നും പോഡ്കാസ്റ്റായും പുസ്തകമായും പ്രചാരം നേടിയ വിജയമന്ത്രങ്ങൾ മലയാളി സമൂഹത്തിന് ഒരു മുതൽ കൂട്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് പൂനൂരാണ് മറ്റൊരു ഭാഗം പ്രകാശനം ചെയ്തത്. അബ്ദു ശിവപുരം കോപ്പി ഏറ്റുവാങ്ങി. ലിപി പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ ലിപി അക്‌ബർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മൈന്റ് ട്യൂണർ സി.എ റസാഖ്, ബന്ന ചേന്ദമംഗല്ലൂർ എന്നിവർ സംസാരിച്ചു. എം.എ സുഹൈൽ സ്വാഗതവും ഡോ. അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു