- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധശിക്ഷ വിധിക്കൂ... കോടതി മുറിയിൽ വെല്ലുവിളിച്ചും ഭീഷണി മുഴക്കിയും പ്രതികൾ; ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ
ആലപ്പുഴ: കോടതി മുറിയിൽ വെല്ലുവിളിച്ചും ഭീഷണി മുഴക്കിയും കൊലക്കേസ് പ്രതികൾ. കൈനകരി ജയേഷ് വധക്കേസിൽ ശിക്ഷ വിധിച്ചതിനുശേഷം ആലപ്പുഴ ജില്ലാ കോടതി വളപ്പിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇന്നലെ രാവിലെ 11നു ജില്ലാ അഡീഷനൽ സെഷൻസ് കോടതി(2)യാണ് ജയേഷ് കൊലക്കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചത്. വിധി പ്രഖ്യാപിച്ചയുടൻ നെടുമുടി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.വി.ബിജുവിന്റെ നേതൃത്വത്തിൽ പ്രതികളെ കോടതി ഹാളിനോടു ചേർന്നുള്ള ജീവനക്കാരുടെ വിശ്രമ മുറിയിലേക്കു മാറ്റി.
പ്രതികളെ പിന്തുണച്ച് ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ കോടതി വളപ്പിൽ എത്തിയതിനാൽ മുൻകരുതലെന്ന നിലയ്ക്കായിരുന്നു ഇത്. ഇതിനിടെ പ്രതികൾ കസേരകൾ നശിപ്പിക്കാനും ഭിത്തിയിലെ ചില്ലിൽ കൈകൊണ്ട് ഇടിച്ച് ബഹളമുണ്ടാക്കാനും തുടങ്ങി. ഒരു പ്രതി ഷർട്ട് സ്വയം കീറി പൊലീസ് ഉപദ്രവിച്ചെന്നു വരുത്താനും ശ്രമിച്ചു. പൊലീസ് അനാവശ്യമായി ബലം പ്രയോഗിച്ചതാണ് പ്രശ്‌നങ്ങൾക്കു കാരണമെന്നു പ്രതിഭാഗം അഭിഭാഷകർ ആരോപിച്ചു.
ബഹളം ഉയർന്നതോടെ പ്രതികളെ വീണ്ടും കോടതി ഹാളിലെത്തിക്കാൻ ജഡ്ജി നിർദ്ദേശിച്ചു. ഈ സംഭവങ്ങൾ അഭിഭാഷകരും പൊലീസും തമ്മിലുള്ള അസ്വാരസ്യത്തിനു കാരണമാകരുതെന്നു പ്രതിഭാഗം അഭിഭാഷകരോടു കോടതി നിർദ്ദേശിച്ചു.ഇതിനിടെ ഡിവൈഎസ്‌പി എൻ.ആർ.ജയരാജ്, നോർത്ത് സിഐ കെ.പി.വിനോദ് എന്നിവരുടെ നേതൃത്തിൽ കൂടുതൽ പൊലീസ് എത്തി. തടിച്ചുകൂടിയ സംഘങ്ങളെ തുരത്തി. കോടതിക്കു പുറത്തെ ഇടവഴികളിലേക്ക് ഇവരിൽ ചിലർ ഓടിമാറി.വിധി പ്രഖ്യാപനശേഷം കോടതി നടപടികൾ പൂർത്തിയാക്കി വിധിപ്പകർപ്പ് ലഭിക്കാൻ കാത്തിരിക്കുന്നതിനിടെ പ്രതികളെ പൊലീസ് വാനിലേക്കു മാറ്റി. അപ്പോൾ പ്രതികൾ പൊലീസിനോടു തട്ടിക്കയറുകയും പരസ്യമായി അസഭ്യം പറയുകയും ചെയ്തു.
ജയേഷ് വധക്കേസിൽ ശിക്ഷ വിധിച്ചപ്പോൾ, വധശിക്ഷ വിധിക്കണമെന്നു പ്രതികൾ. മൂന്നാം പ്രതി കോമളപുരം സ്വദേശി നന്ദു, രണ്ടാം പ്രതി സാജൻ, നാലാം പ്രതി ജനീഷ് എന്നിവരാണ് പ്രതിക്കൂട്ടിൽ നിന്നു ബഹളമുണ്ടാക്കിയത്. ഇവർ ഭീഷണിപ്പെടുത്തിയതായി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.കെ.രമേശൻ പറഞ്ഞു. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതികൾ കോടതിയെ വെല്ലുവിളിക്കുന്ന രീതിയിലാണ് പ്രതികരിച്ചത്. പ്രതികളുടെ കൂട്ടുകാരായ ചിലർ കോടതിവളപ്പിൽ നിലയുറപ്പിച്ച് ഭീഷണി സ്വരത്തിൽ സംസാരിച്ചതായും പറഞ്ഞു.
മകനെ അതിക്രൂരമായി കൊലപ്പെടുത്തിയവർക്ക് വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നു ജയേഷിന്റെ മാതാപിതാക്കളായ ലളിതയും രാജുവും പ്രതികരിച്ചു. പ്രതികൾ ശിക്ഷിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. വലിയ ശിക്ഷ കിട്ടുമെന്നു പ്രതീക്ഷിച്ചതായി രാജു പറഞ്ഞു.ജയേഷ് വീട്ടിലുണ്ടെന്ന് ഉറപ്പിച്ചശേഷം മുഖ്യപ്രതികളെ അറിയിക്കുകയും ബൈക്കിൽ എത്തിക്കുകയും ചെയ്ത പ്രതികളെ വിട്ടയച്ചതിൽ നിരാശയുണ്ടെന്നും പറഞ്ഞു. വിധി കേട്ടശേഷം കോടതി ഹാളിൽ തുടർന്ന മാതാപിതാക്കളെ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എത്തിയാണ് പൊലീസ് സംരക്ഷണത്തിൽ പുറത്തേക്കു കൊണ്ടുവന്നത്.