കോവിഡിനെ ചെറുക്കാൻഇതുവരെ കണ്ടെത്തിയ വാക്സിനുകളും മരുന്നുകളും നൂറുശതമാനം ഫലം ഉറപ്പു നൽകില്ലെന്ന് നിർമ്മാതാക്കൾ തന്നെ സമ്മതിക്കുന്ന കാര്യമാണ്.

മനുഷ്യകുലത്തെ നിരാശയിലേക്ക് തള്ളിയിട്ടുകൊണ്ട് കുഞ്ഞൻ വൈറസ് താണ്ഡവം തുടരുമ്പോഴാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിനയിൽ നിന്നും ഒരു സന്തോഷ വാർത്ത വരുന്നത്. മനുഷ്യരെ കോവിഡ് 19 ൽ നിന്നും പൂർണ്ണമായും സംരക്ഷിക്കാൻ കഴിയുന്ന ഒരു ആന്റിബോഡി കണ്ടെത്തി എന്നതാണ് ഈ വാർത്ത. കൊറോണയുടെ ഏതൊരു വകഭേദത്തേയും ചെറുക്കാൻ ഇതിനാകും.

ഡി എച്ച് 1047 എന്ന ഈ ആന്റിബോഡി, വൈറസിന്റെ കോശങ്ങളെ ബന്ധനത്തിലാക്കി അവയെ നിർവീര്യമാക്കുകയാണ് ചെയ്യുന്നത്. അതോടെ വൈറസിന് പെറ്റുപെരുകാൻ കഴിയാത്ത അവസ്ഥ വരും. ചുരുക്കത്തിൽ, രോഗവ്യാപനം തടയുവാനും അതുപോലെ രോഗബാധിതരെ ചികിത്സിക്കാനും ഇത് ഉപയോഗിക്കാനാവും. യൂണിവേഴ്സിറ്റി ഓഫ് നോർത്ത കരോലിനയിലേയും ഡുറമിലെ ഡ്യുക്ക് യൂണിവേഴ്സിറ്റിയിലേയും ഗവേഷകരുടെ സംയുക്ത സംഘമാണ് ഈ ആന്റിബോഡി കണ്ടെത്തിയത്.

നവംബർ 2 ന് സയൻസ് ട്രാൻസ്ലേഷണൽ മെഡിസിൻ ജേർണലിൽ തങ്ങളുടെ കണ്ടെത്തൽ പ്രസിദ്ധീകരിച്ച ഗവേഷകർ 1700-ൽ അധികം കൊറോണ വൈറസ് ആന്റിബോഡികൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ 50 എണ്ണം കോവിഡിനും സാർസിനും ഒരുപോലെ പ്രതിരോധം തീർക്കുന്നതാണ്. അതിൽ ഡി എച്ച് 1047 എന്ന് നാമകരണം ചെയ്ത ഒരു പ്രത്യേക ആന്റിബോഡിയാണ് എല്ലാത്തരം വൈറസുകളേയും നിർവീര്യമാക്കാൻ കെല്പുള്ളതായി കണ്ടെത്തിയത്. അതുകൊണ്ടു തന്നെ ഇതിന് കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങളേയും തടയുവാൻ കഴിയും.

എലികളിൽ ഈ ആന്റിബോഡി പരീക്ഷിച്ചപ്പോൾ അവയെ കോവിഡ് ബാധിക്കുന്നതിൽ നിന്നും തടയുവാൻ കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. ഡെൽറ്റ വകഭേദം ഉൾപ്പടെ അതിവ്യാപനശേഷിയുള്ള എല്ലാ വകഭേദങ്ങളേയും ഇത് നിർവീര്യമാക്കും. മാത്രമല്ല, ഭാവിയിൽ മനുഷ്യകുലത്തെ ആക്രമിക്കാൻ സാധ്യതയുള്ള മറ്റു ചില ഇനം വൈറസുകൾക്കെതിരെയും ഇത് ഫലവത്തായിരുന്നു.