വാക്സിൻ എടുക്കാത്തവർക്ക് ജോലിയില്ലെന്ന ഭീഷണിയൊന്നും എൻ എച്ച് എസ് ജീവനക്കാരെ സ്വാധീനിച്ചിട്ടില്ല എന്ന് സർക്കാരിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 20,000 പേർ മാത്രമാണ് ഈ ഭീഷണിക്ക് വഴങ്ങി പുതിയതായി വാക്സിൻ എടുത്തത്. ഏകദേശം 1,25,000 പേരാണ് എൻ എച്ച് എസിൽ വാക്സിൻ എടുക്കാതെ ഉണ്ടായിരുന്നത്. ഇതിൽ ഡോക്ടർമാർ നഴ്സുമാർ, ക്ലീനർമാർ, പോർട്ടർമാർ, റിസപ്ഷനിസ്റ്റുകൾ തുടങ്ങിയ എല്ലാ വിഭാഗക്കാരും ഉൾപ്പെടുന്നു.

അവശേഷിക്കുന്നവരിൽ ഏകദേശം 30,000 പേർക്ക് ആരോഗ്യപരമായ കാരണങ്ങളാൽ ഇളവ് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അതായത്, ഏപ്രിലിൽ ഈ നിയമം എൻ എച്ച് എസിൽ പ്രാബല്യത്തിൽ വരുന്നതോടെ ഏകദേശം 73,000 ജീവനക്കാർ എൻ എച്ച് എസിനു പുറത്താകുമെന്ന് അർത്ഥം. ഇപ്പോൾ തന്നെ ജീവനക്കാരുടെ ക്ഷാമം മൂലം കഷ്ടപ്പെടുന്ന എൻ എച്ച് എസ്സിനെ ഇത് കടുത്ത പ്രതിസന്ധിയിലാക്കും എന്നാണ് ട്രേഡ് യൂണീയനായ ജി എം ബി മുന്നറിയിപ്പ് നൽകുന്നത്. കോവിഡ് പ്രതിസന്ധിക്ക് മുൻപ് തന്നെ ഏകദേശം 1 ലക്ഷം ഒഴിവുകൾ എൻ എച്ച് എസിൽ ഉണ്ടായിരുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. 10,000 ഡോക്ടർമാരുടെയും 35,000 നഴ്സുമാരുടെയും ഒഴിവുകൾ ഉൾപ്പടെയായിരുന്നു ഇത്.

വാക്സിൻ എടുക്കാത്തവർ എൻ എച്ച് എസ് വിട്ടുപോവുക എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഭീഷണികൾക്ക് വഴങ്ങി വാക്സിൻ എടുക്കേണ്ടതില്ലെന്നു തന്നെയാണ് ഇവരിൽ പലരും തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, വാക്സിൻ എടുക്കക എന്നത് ഒരു ആരോഗ്യ പ്രവർത്തകന്റെ പ്രഥമമായ ധർമ്മമാണെന്നാണ് ഈ നീക്കത്തെ അനുകൂലിക്കുന്ന മുൻ ഹെൽത്ത് സെക്രട്ടിമാരായ മാറ്റ് ഹാൻകോക്ക്, ജെറെമി ഹണ്ട് എന്നിവരുൾപ്പടെയുള്ളവർ പറയുന്നത്.

ഇന്നലെ രാത്രി പുറത്തുവിട്ട കണക്കുകൾ പ്രകാരം എൻ എച്ച് എസ് ആശുപത്രികളിൽ നിന്നും കോവിഡ് ബാധിച്ച് 11,000 പേരണ് ഇതുവരെ മരണമടഞ്ഞിട്ടുള്ളത്. മറ്റ് രോഗങ്ങൾക്ക് ചികിത്സിക്കാനെത്തിയവരാണ് ഇവർ. കെയർ ഹോമുകളിലെ ജീവനക്കാർക്ക് രണ്ട് ഡോസ് വാക്സിൻ എടുക്കേണ്ടുന്ന അവസാന തീയതി കഴിഞ്ഞതോടെ പലയിടങ്ങളിലും ജീവനക്കാരില്ലാത്ത സാഹചര്യം ഉരുത്തിരിഞ്ഞുവന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, വാക്സിനേഷനാണ് ജനങ്ങളെ ഒരു പരിധിവരെ മരണത്തിൽ നിന്നും രക്ഷിച്ചു നിർത്തുന്നതെന്നതിന്റെ തെളിവുകൾ കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഈ നിയമവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഇത് ആരെയും ശിക്ഷിക്കാനുള്ള നിയമമല്ലെന്നും മറിച്ച് അപകട സാധ്യതയുള്ള രോഗികളെ സംരക്ഷിക്കുവാനായി ജീവനക്കാർക്ക് നല്ലൊരു തീരുമാനമെടുക്കാനുള്ള പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, സഹപ്രവർത്തകർ പലരും വിട്ടുപോകുന്നതോടെ കാര്യങ്ങൾ അവതാളത്തിലാകുമെന്ന ഭയത്തിലാണ് എൻ എച്ച് എസ് ജീവനക്കാർ. നൂറു ശതമാനം ഫലപ്രദമാണെന്ന് ഉറപ്പില്ലാത്ത വാക്സിൻ എടുക്കുന്നതിലും ഭേദം ജോലി വിടുന്നതാണെന്നായിരുന്നു ബാല്മെന്റ് എന്നൊരു ജീവനക്കാരൻ മൈയിൽ ഓൺലൈനിനോട് പറഞ്ഞത്. എന്നിരുന്നാലും, ഈ പ്രതിസന്ധികാലത്ത് കഠിനാദ്ധ്വാനം ചെയ്തതിനു ശേഷം ഇപ്പോൾ ജോലി നഷ്ടപ്പെടുത്തേണ്ടി വരുന്നതിൽ ദുഃഖമുണ്ടെന്നും അയാൾ പറഹ്യൂന്നു. വാക്സിൻ നിർബന്ധമാക്കിയത് പല എൻ എച്ച് എസ് ജീവനക്കാരേയും വാക്സിനെതിരെ തിരിയാൻ ഇടയാക്കിയിട്ടുണ്ടെന്നും അയാൾ പറഞ്ഞു.

കോവിഡ് കാലത്ത് ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലെ ഒരു ആശുപത്രിയിൽ കോവിഡ് വാർഡിൽ ജോലി ചെയ്തിരുന്ന ഒരു നഴ്സും ഇതേ അഭിപ്രായക്കാരിയാണ്. താൻ വാക്സിൻ എടുത്തിട്ടില്ലെന്നും എടുക്കാൻ ആഗ്രഹമില്ലാത്തതിനാൽ മറ്റ് ജോലികൾ തേടുകയാണെന്നും അവർ പറയുന്നു. നിരവധി ഡോക്ടർമാരും സമാനമായ ചിന്താഗതി പുലർത്തുകയാണ്. ഏപ്രിലിൽ ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ബ്രിട്ടീഷ് ആരോഗ്യ രംഗം അഭിമുഖീകരിക്കാൻ പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയായിരിക്കും എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.