കുവൈത്തിൽ വിദേശികൾക്ക് ഭാര്യ, മക്കൾ എന്നിവരെ കൊണ്ടു വരുന്നതിനുള്ള സന്ദർശക വിസ ലഭിക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി 500 ദിനാർ ആയി ഉയർത്തി . ഇത് സംബന്ധിച്ച് താമസ രേഖാ വിഭാഗം അധികൃതർ, ഉദ്യോഗസ്ഥർക്ക് വാക്കാൽ നിർദ്ദേശം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

20 മാസത്തെ ഇടവേളക്ക് ശേഷം ഈ മാസം മുതലാണു വിദേശികൾക്ക് കുടുംബ വിസകളും സന്ദർശ്ശക വിസകളും അനുവദിക്കാൻ തീരുമാനമായത് .ഇതോടൊപ്പം കുടുംബ വിസ ലഭിക്കുന്നതിനു കുറഞ്ഞ ശമ്പള പരിധി 450 ൽ നിന്ന് 500 ദിനാറായി ഉയർത്തുകയും ചെയ്തിരുന്നു.എന്നാൽ സന്ദർശ്ശക വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധിയിൽ മാറ്റം വരുത്തിയിരുന്നുമില്ല.ഇത് പ്രകാരം പലർക്കും സന്ദർശ്ശക വിസ ലഭിക്കുകയും ചെയ്തിരുന്നു.

അതെ സമയം വിവിധ സന്ദർശ്ശക, കുടുംബ വിസകൾ നൽകുന്നത് പുനരാരംഭിച്ച ശേഷം വിവിധ ഗവർണ്ണറേറ്റുകളിൽ ആകെ 7000 വിസകൾ നൽകിയതായാണു റിപ്പോർട്ട്.കുടുംബ വിസയിൽ എത്തുന്ന കുടുംബാംഗങ്ങളെ താമസരേഖ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ 3 മാസത്തിനകം സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനുള്ള സൗകര്യം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഭാര്യ,കുട്ടികൾ എന്നിവർക്കുള്ള സന്ദർശ്ശക വിസക്ക് അപേക്ഷിച്ച പലരുടേയും അപേക്ഷകൾ കുറഞ്ഞ ശമ്പള പരിധി 500 ദിനാറിൽ താഴെ ആയതിനാൽ നിരസിച്ചതായാണു റിപ്പോർട്ട്.