ന്യൂഡൽഹി: ഒരു മൂന്നാം ലോക യുദ്ധ സാധ്യതയുമായി പാക്ക് രാഷ്ട്രീയ നേതാവായ ഫൈസൽ റാസ അബീദി വരുമ്പോൾ എന്താണ് ഉദ്ദേശമെന്ന ചർച്ച സജീവം. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി അംഗവും സിന്ധിൽ നിന്നുള്ള മുൻ പാർലമെന്റംഗവുമായ അദ്ദേഹം പ്രവചിക്കുന്നത് മൂന്നാം ലോകയുദ്ധം തുടങ്ങുന്നത് പാക്കിസ്ഥാനിൽ ആയിരിക്കുമെന്നാണ്. അതും 2 മാസത്തിനുള്ളിൽ യുദ്ധം തുടങ്ങുമത്രേ. അതായത് ഇന്ത്യയ്‌ക്കെതിരായ പോരാട്ടം ഉടൻ തുടങ്ങുമെന്ന് പറയാതെ പറയുകയാണ് ഇയാൾ. ഈ പ്രസ്താവനയെ ഇന്ത്യ ഗൗരവത്തോടെ എടുക്കുന്നില്ല. എന്നാൽ ചൈനയുമായി ചേർന്ന് പാക്കിസ്ഥാൻ ചില കളികൾക്ക് ഒരുങ്ങുകയാണെന്ന് വ്യക്തമാണ് ഇതിലൂടെ.

പല രാജ്യങ്ങൾ തമ്മിൽ മൂന്നാം ലോകയുദ്ധത്തിനു തുടക്കമിടുമെന്ന ആശയങ്ങൾ ചർച്ചകളിലുണ്ട്. ഒടുവിൽ ചൈന-യുഎസ് എന്നിവർ തായ്വാനെ ചൊല്ലി യുദ്ധത്തിലേർപ്പെടുമെന്നും ഇതു മൂന്നാംയുദ്ധമായി മാറുമെന്നും വരെ അഭ്യൂഹങ്ങളുണ്ട്. ഉത്തരകൊറിയ-അമേരിക്ക സംഘർഷ കാലത്തും ഇത്തരത്തിൽ പ്രചരണമുണ്ടായിരുന്നു. ഇപ്പോൾ ചൈനയും പാക്കിസ്ഥാനും ഒറ്റക്കെട്ടാണ്. അഫ്ഗാനിൽ താലിബാൻ ഭരണമെത്തിയതോടെ ഈ സഖ്യം എന്തിനും പോന്ന മാനസികാവസ്ഥയിലുമാണ്. ഇത് തിരിച്ചറിഞ്ഞാണോ അബീദിയുടെ വെളിപ്പെടുത്തൽ എന്ന സംശയവും സജീവമാണ്.

പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ ഉന്നക തല സെൻട്രൽ കമ്മിറ്റി അംഗത്വമുള്ളയാളായ ആബിദി പാക്കിസ്ഥാനിലെ അൽസുൽഫിക്കർ ഗ്രൂപ്പ് എന്ന വ്യവസായഗ്രൂപ്പിന്റെ മേധാവിയുമാണ്. കറാച്ചി ഡിവിഷന്റെ പാർട്ടി മേധാവിയുമായിരുന്നു. കറാച്ചിയിൽ നടന്ന കൊലപാതക കേസിൽ ആബിദിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.അന്ന് പൊലീസ് ആബിദിയുടെ വീട്ടുവളപ്പിൽ നടത്തിയ തിരച്ചിലിൽ തോക്കുകളുൾപ്പെടെ വിവിധ ആയുധങ്ങളും കണ്ടെടുത്തിരുന്നു. പാക്ക് സുപ്രീം കോടതി ജഡ്ജിക്കെതിരെ മോശമായി സംസാരിച്ചതിന് കോടതിയലക്ഷ്യ കേസിലും ആബിദി പ്രതിയാണ്. ഇത്തരിത്തിലൊരു നേതാവാണ് യുദ്ധ പ്രവചനം നടത്തുന്നത്.

യുദ്ധസമയത്ത് രക്ഷപ്പെടാനായി വീടിനു താഴെ ബങ്കറുകളുണ്ടാക്കാൻ തുടങ്ങാനും പാക് രാഷ്ട്രീയ നേതാവ് ജനങ്ങളോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ഒരു ലൈവ് ന്യൂസ് ചാനൽ ചർച്ചയിലായിരുന്നു ആബിദിയുടെ അഭിപ്രായപ്രകടനങ്ങൾ. ലോകത്തെ ഇന്ധനപ്രതിസന്ധി മറ്റൊരു ലോകയുദ്ധത്തിലേക്കു നയിക്കുമോ എന്നതായിരുന്നു ചർച്ചയുടെ വിഷയം. ഏതോ ഒരു രഹസ്യ സന്ദേശം ഡീക്കോഡ് ചെയ്താണ് താൻ ഈ പ്രവചനത്തിൽ എത്തിച്ചേർന്നതെന്ന് ആബിദി പറയുന്നു. ആബിദി ഇക്കാര്യങ്ങൾ പറയുന്ന വിഡിയോ താമസിയാതെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇത് പാക്കിസ്ഥാനും പുലിവാലായി. ഇതോടെ ഇയാളെ പാക്കിസ്ഥാനും തള്ളി പറഞ്ഞു.

ബ്രിട്ടിഷ് പാക്കിസ്ഥാനി മാധ്യമപ്രവർത്തകനായ ഗുൽ ബുഖാരി ആബിദിയുടെ മനോനില തകരാറിലായിരിക്കുകയാണെന്ന് കമന്റിട്ടു. ചിലർ അദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നും അഭിപ്രായം പറഞ്ഞു. എന്നാൽ ആബിദിയുടെ ആരാധകരും രംഗത്തുണ്ട്. ആബിദി മുൻപ് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമായിട്ടുണ്ടെന്നും ഇതും അതുപോലെയാകുമെന്നും അവർ പറയുന്നു. അങ്ങനെ സോഷ്യൽ മീഡിയയിൽ മൂന്നാം ലോക മഹായുദ്ധ സാധ്യതകളും ചർച്ചയാകുകയാണ്.

നിഗൂഢസിദ്ധാന്തങ്ങളിൽ താൽപര്യമുള്ളയാളാണ് ആബിദി. ലോകം മുഴുവൻ ഒരു വ്യക്തിയാണ് നിയന്ത്രിക്കുന്നതെന്നും അയാളാരാണെന്ന് 9 ഭാഗങ്ങളുള്ള ഒരു വിഡിയോ പരമ്പരയിലൂടെ താൻ തെളിയിക്കുമെന്നും അദ്ദേഹം പരിപാടിയിൽ പറഞ്ഞിരുന്നു. കോവിഡ് വാക്‌സീനെക്കുറിച്ചും അത്ര നല്ല അഭിപ്രായമില്ലാത്ത ആബിദി താനിതു വരെ വാക്‌സീനെടുത്തിട്ടില്ലെന്നും പരിപാടിയിൽ തുറന്നു സമ്മതിച്ചു.