യൂറോപ്പിനോട് നിഴൽയുദ്ധം നടത്തുന്ന ബെലാറസ് പ്രസിഡണ്ട് അലക്സാണ്ടർ ലുക്കാഷെൻകോവിനെ മുന്നിൽ നിർത്തി റഷ്യ കളി തുടങ്ങി. എന്നലെ ആണവബോംബുകളുമായി രണ്ട് യുദ്ധവിമാനങ്ങളെ ബെലാറസ്-പോളീഷ് അതിർത്തിയിലേക്ക് അയച്ചുകൊണ്ടാണ് റഷ്യ കളത്തിലിറങ്ങിയിരിക്കുന്നത്. അതിർത്തിയിൽ സംഘർഷം ഉരുണ്ടുകൂടുന്ന സാഹചര്യത്തിൽ ബെലാറാസ് നേതാവിന് പിന്തുണപ്രഖ്യാപിച്ചുകൊണ്ടുള്ള വ്യോമ്യാഭ്യാസമായിരുന്നു അതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചത്. അതിനിടയിൽ വെടിയുണ്ട ഉതിർത്തുകൊണ്ട് അഭയാർത്ഥികളെ പോളണ്ട് അതിർത്തി കടക്കാൻ പ്രേരിപ്പിക്കുന്ന ബെലാറസ് സൈനികരുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലേക്കും ബ്രിട്ടനിലേക്കും കടക്കാനായി 2000 വരുന്ന അഭയാർത്ഥികളാണ് ബെലാറസിൽ തമ്പടിച്ചിരിക്കുന്നത് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ലുക്കാഷെൻകോവ് മദ്ധ്യപൂർവ്വദേശങ്ങളിൽ നിന്നും ആഫ്രിക്കയിൽ നിന്നുമൊക്കെ പാവങ്ങളെ ആകർഷിച്ചു കൊണ്ടുവന്ന് അതിർത്തി കടത്തി വിടുകയാണെന്ന് പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾ ആരോപിക്കുന്നു. ബെലാറസിനെതിരെ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഉപരോധത്തിനെതിരെയുള്ള പ്രതിരോധ നടപടിയായിട്ടാണ് അവർ ഇതിനെ കാണുന്നത്.

ഫ്രാൻസിലേയും പോളണ്ടിലേയും മുൻ ബെലാറസ് സ്ഥാനപതിയായിരുന്ന പാവേൽ ലാറ്റുഷ്‌ക പറയുന്നത് അഫ്ഗാനിസ്ഥാനിൽ നിന്നും ഇടാഖിൽ നിന്നും കൊണ്ടുവന്ന പരിശീലനം സിദ്ധിച്ച മുൻ സൈനികരാണ് അഭയാർത്ഥികളായി എത്തിയവരിൽ ഭൂരിഭാഗമെന്നാണ്. ബെലാറസിലെ ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭണത്തിൽ ഭാഗമായതിനെ തുടർന്ന് രാജ്യം വിട്ട് പോകേണ്ടി വന്ന വ്യക്തിയാണ് ലാറ്റുഷ്‌ക. ബ്രിട്ടൻ ഇപ്പോൾ യൂറോപ്യൻ യൂണിയനിൽ ഇല്ലെങ്കിലും ബ്രിട്ടനാണ് യഥാർത്ഥ ലക്ഷ്യം എന്നാണ് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു ബെലാറസിയൻ ഉദ്യോഗസ്ഥൻ പറഞ്ഞത്. റഷ്യൻ വാർത്താ മാധ്യമമായ നോവോസ്റ്റിയോട് സംസാരിക്കവെ അയാൾ പറഞ്ഞത് ഇവരിൽ പകുതിപേരും ബ്രിട്ടനിലേക്ക് പോകാനുള്ളവരാണെന്നായിരുന്നു.

അതിനിടയില അതിർത്തി കടക്കുവാൻ വേണ്ടി ബെലാറസിയൻ സൈനികർ തന്നെ മർദ്ദിച്ചു എന്ന് പറഞ്ഞ് സിറിയൻ കുടിയേറ്റക്കാരനായ യൂസഫ് അതാള്ളയും മാധ്യമത്തിനു മുന്നിലെത്തി. കണ്ണിനു ചുറ്റും പരിക്കേറ്റ പാടുകൾ കാണിച്ചുകൊണ്ടായിരുന്നു അയാൾ റഷ്യൻ മാധ്യമത്തിനു മുന്നിലെത്തിയത്. അതിനിടയിൽ ബെലാറസ് ഏകാധിപതി അഭയാർത്ഥികളെ പുത്തൻ ആയുധമായി ഉപയോഗിക്കുകയാണെന്ന ആരോപണത്തിന് ശക്തികൂട്ടി യൂറോപ്യൻ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.

അതിർത്തി കടക്കാനാകാതെ സമീപത്തെ വനമേഖലയിൽ കുടുങ്ങിപ്പോയ ആയിരക്കണക്കിന് പേർ ഇപ്പോൾ ആവശ്യത്തിന് ഭക്ഷണവും വെള്ളവും കിട്ടാതെ കഷ്ടപ്പെടുകയാണെന്ന റിപ്പോർട്ടുകളൂം വരുന്നുണ്ട്. കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ഭക്ഷണമെത്തിക്കണമെന്ന് ചിലർ റെഡ്ക്രോസിനോട് ആവശ്യപ്പെട്ടു. ബെലാറസിയൻ റെഡ് ക്രോസ് പിന്നീറ്റ് ഒരു വാനിലെത്തി ഭക്ഷണം വിതരണം ചെയ്യുന്ന ഒരു ചിത്രവും പുറത്തുവന്നിട്ടുണ്ട്.

പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിൽ ഒരു ആഭ്യന്തര പ്രശ്നം ഉയർത്തിക്കൊണ്ടുവരാനാണ് ബെലാറസ് ഏകാധിപതി ശ്രമിക്കുന്നതെന്ന് മുൻ അമ്പാസിഡർ ലാറ്റുഷ്‌ക പറയുന്നു. അഫ്ഗാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ സൈന്യങ്ങളിൽ നിന്നും വിരമിച്ചവരാണ് അനധികൃത കുടിയേറ്റക്കാരിൽ എത്തുന്നവരിൽ അധികവും. ഇവർക്ക് പിന്നീട് ബെലാറസിലും പരിശീലനം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂലയ്ക്കും സെപ്റ്റംബറിനും ഇടയിലായാണ് ഇത്തരത്തിൽ കുടിയേറാനുള്ളവരെ തെരഞ്ഞെടുത്തതെന്നും ലാറ്റുഷ്‌ക പറയുന്നു. പിന്നീട് യൂറോപ്പുമായി പ്രാദേശിക തലത്തിൽ ഒരു സംഘർഷമുണ്ടാക്കുക എന്നതും ബെലാറസിന്റെ ലക്ഷ്യമാണെന്ന് ലാറ്റുഷ്‌ക പറയുന്നു.

വടക്ക് പടിഞ്ഞാറൻ ബെലാറസിലെ ഓപ്സ ഗ്രാമത്തിനു സമീപമുള്ള സൈനിക കേന്ദ്രത്തിൽ വച്ചാണ് ഇവർക്ക് പരിശീലനം നൽകിയതെന്നും അതിന് ബെലാറസിന്റെ പ്രത്യേക സൈനിക വിഭാഗമായ മാർജിന ഹോർക്ക ബ്രിഗേഡിന്റെ സഹായമുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1980 കളിൽ റഷ്യയിൽ നിന്നും പരിശീലനം സിദ്ധിച്ച്, റഷ്യയ്ക്കൊപ്പം അഫ്ഗാനിസ്ഥാനിൽ പോരാടിയ വിഭാഗമാണിത്.