ദീന സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവറും മരിച്ചു. പുകയൂർ കൊളക്കാടൻ അബ്ദുൽ റഊഫ് ( 38 ) ആണ് ബുധനാഴ്ച മരണപ്പെട്ടത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഒട്ടകത്തെയിടിച്ച് മറിഞ്ഞാണ് അപകടം. എട്ട് വർഷത്തോളമായി ശറഫിയയിലെ മൗലവി ജനറൽ സർവിസിൽ ജീവനക്കാരനായിരുന്നു അബ്ദുൽ റഊഫ് .പിതാവ്: കുഞ്ഞീതു മുസ്ല്യാർ. മാതാവ്: പാത്തുമ്മു, ഭാര്യ: ജുവൈരിയ. മൂന്ന് മക്കളുണ്ട്.

അപകടത്തിൽ മലപ്പുറം തുവ്വൂർ സ്വദേശി ആലക്കാടൻ റിഷാദ് അലി സംഭവം ദിവസം തന്നെ മരിച്ചിരുന്നു. റിഷാദ് അലിയുടെ ഭാര്യ ഫർസീന ചേരുംകുഴിയിൽ, വട്ടിപ്പറമ്പത്ത് റംലത്ത് എന്നിവർ പരിക്കുകളോടെ ജിദ്ദ നോർത്ത് അബ്ഹൂർ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിലും മുഹമ്മദ് ബിൻസ് റാബിഖ് ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.

റിഷാദ് അലിയുടെ മൂന്നര വയസ്സായ മകൾ അയ്മിൻ റോഹ, റിൻസില എന്നിവരെ റാബിഖ് ജനറൽ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വിട്ടയച്ചിട്ടുണ്ട്. മദീന സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുന്ന വഴി ഇവർ സഞ്ചരിച്ച ഇന്നോവ കാർ ഞായറാഴ്ച രാത്രി 7.30 ഓടെ റാബിഖിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു.