തിരുവനനന്തപുരം: ആക്രമണത്തിന്റെ കാര്യത്തിൽ കോൺഗ്രസ് പാർട്ടി ബിജെപിക്ക് ശിഷ്യപ്പെട്ടിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. ബിജെപി ശൈലികളിലേക്ക് കോൺഗ്രസ് മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

നടൻ ജോജു ജോർജിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് കണ്ടു. ശേഷം പൂർണമായി ന്യായീകരിക്കുക എന്ന നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചത്. പിന്നീട് ജോജു മാപ്പ് പറയണമെന്ന അവസ്ഥയിലേക്ക് സ്ഥിതി മാറി. എംഎഫ് ഹുസൈനെ ആക്രമിച്ച ബിജെപി, ഉത്തരേന്ത്യയിൽ ചില സിനിമകളുടെ റിലീസിംഗും ചിത്രീകരണവും തടസപ്പെടുത്തുന്ന സംഘപരിവാർ ആക്രമണം കണ്ടിട്ടുള്ളതാണ്. അതേ ശൈലിയിലേക്കാണ് കോൺഗ്രസും മാറിയിരിക്കുന്നതെന്ന് വിജയരാഘവൻ വ്യക്തമാക്കി.

സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു. അതിനും ബിജെപി മാർഗമാണ് സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നിലപാടുകളെ കോൺഗ്രസ് പിന്തുണയ്ക്കുകയാണ്. അതാണ് പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും പ്രസ്താവനകളിൽ കാണാൻ കഴിയുന്നത്. കേരളത്തെ അവഗണിക്കുന്ന ബിജെപിക്കും കോൺഗ്രസ് പിന്തുണ നൽകുകയാണ് ചെയ്യുന്നതെന്നും വിജയരാഘവൻ പറഞ്ഞു.