ന്യൂഡൽഹി : വില നിയന്ത്രിക്കാൻ പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവർത്തിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്കരി. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇത് ഒരുപോലെ ഗുണം ചെയ്യും. പെട്രോളും, ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നത് എതിർക്കുന്ന സംസ്ഥാനങ്ങൾ ഇക്കാര്യം തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പെട്രോൾ, ഡീസൽ, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഒറ്റ നികുതി ഏർപ്പെടുത്തിയാൽ വലിയ നേട്ടങ്ങളാണ് ഉണ്ടാകുക. ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതുവഴി ഇവയുടെ നികുതി കുറയും. ഇത് സംസ്ഥാനങ്ങൾക്കും, കേന്ദ്രസർക്കാരിനും അധിക വരുമാനം നൽകും. എല്ലാ സംസ്ഥാനങ്ങളും പെട്രോളും, ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ തയ്യാറാകണമെന്നും അദ്ദേഹം വിശദമാക്കി.

സംസ്ഥാനങ്ങൾ പിന്തുണച്ചാൽ ജിഎസ്ടി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന് കഴിയും. ജിഎസ്ടി കൗൺസിലിൽ എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരും അംഗങ്ങളാണ്.

പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ കേരളമാണ് ശക്തമായി എതിർത്തത്. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഇതേ തുടർന്നാണ് ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ വിലക്കയറ്റം ആയിരുന്നു ഇതിന്റെ ഫലമെന്നും ഗഡ്കരി പറഞ്ഞു.

പെട്രോളിന് പത്ത് രൂപയും, ഡീസലിനും അഞ്ച് രൂപയും കുറച്ച് വലിയ ആശ്വാസമാണ് കേന്ദ്രസർക്കാർ സാധാരണക്കാർക്ക് നൽകിയത്. ഇതിന് സമാനമായ രീതിയിൽ സംസ്ഥാനങ്ങൾ മൂല്യവർദ്ധിത നികുതി കുറയ്ക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.