- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയരുന്നു; പ്രളയ മുന്നറിയിപ്പ്; ഉരുൾപൊട്ടലിൽ പാതയിൽ മണ്ണും കല്ലും നിറഞ്ഞ് ഗതാഗതം നിലച്ചു

കൊല്ലം: കനത്ത മഴയെ തുടർന്ന് അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പ്രളയ സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിൽ കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മണിമല, പെരിയാർ, മീനച്ചിൽ, പമ്പ, മുവാറ്റുപുഴ, ഇത്തിക്കര, കല്ലട, പള്ളിക്കൽ നദികളിലും കൈവഴികളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
ബുധനാഴ്ച രാത്രിയിൽ പെയ്ത മഴയിൽ ആര്യങ്കാവ്, അച്ചൻകോവിൽ വനമേഖലയിൽ പത്തോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടി. അച്ചൻകോവിൽ, ആമ്പനാട്, പ്രിയ എസ്റ്റേറ്റ്, ചേനഗിരി, ആര്യങ്കാവ് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. അച്ചൻകോവിൽ ആറും കഴുതുരുട്ടി ആറും പലയിടങ്ങളിലും കരകവിഞ്ഞ് ഒഴുകുകയാണ്.
അച്ചൻകോവിൽ-പുനലൂർ പാതയിൽ കോടമ ഭാഗത്ത് ഉരുൾപൊട്ടിയതോടെ പാതയിൽ മണ്ണും കല്ലും നിറഞ്ഞ് ഇതുവഴിയുള്ള ഗതാഗതം നിലച്ചു. ആദിവാസി മേഖലകൂടിയായ അച്ചൻകോവിലിലേക്കുള്ള ഏക പാതയാണ് അടഞ്ഞത്.
ഇതോടെ അച്ചൻകോവിൽ ഗ്രാമവാസികൾ ഒറ്റപ്പെട്ട നിലയിലാണ്. അമ്പനാട്, അരണ്ടൽ, മെത്താപ്പ് എന്നിവിടങ്ങളിൽ പല സ്ഥലങ്ങളിലും ഉരുൾപൊട്ടിയതോടെ തോട്ടം തൊഴിലാളികളും ഒറ്റപ്പെട്ടു. രണ്ട് തൊഴിലാളി ലയങ്ങളും തകർന്നിട്ടുണ്ട്.
പ്രിയ എസ്റ്റേറ്റിലേക്കുള്ള പാതയിൽ മണ്ണിടിഞ്ഞതിനാൽ പുറത്തേക്കുള്ള വഴി അടഞ്ഞു കിടക്കുകയാണ്. ഈ ഭാഗത്തെ ഒരു ട്രാൻസ്ഫോർമർ മണ്ണിടിച്ചിലിൽ തകർന്നു. തെന്മല പരപ്പാർ അണക്കെട്ടിൽ ഒറ്റ രാത്രി കൊണ്ട് ജലനിരപ്പ് ഒരു മീറ്റർ ഉയർന്നു. ഇതോടെ ഡാമിന്റെ ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി.


