ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനശത്രു ആരെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. രാജ്യത്തിന്റെ പ്രധാനശത്രു പാക്കിസ്ഥാനല്ലെന്നും അത് ചൈനയാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയമാധ്യമം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ഇന്ത്യൻ ഭാഗത്തേക്ക് കടന്നുകയറാൻ ചൈന ശ്രമിക്കരുതെന്ന് താക്കീത് നൽകിയ റാവത്ത് പ്രത്യാഘാതം ഗാൽവനിലുണ്ടായതിനേക്കാൾ വലുതായിരിക്കുമെന്നും ഓർമ്മിപ്പിച്ചു.

ഗാൽവൻ സംഘർഷത്തിന് ശേഷം 2020 ഏപ്രിൽ ഉണ്ടായിരുന്നതിന് സമാനമായ രീതിയിൽ സ്ഥിതിഗതികൾ എത്തിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ അതിൽനേരിട്ട പ്രധാന പ്രശ്നം ചൈനീസ് സൈന്യത്തിന്റെ നിസ്സഹകരണമായിരുന്നുവെന്നും ബിപിൻ റാവത്ത് പറഞ്ഞു.

വടക്ക് കിഴക്കൻ മേഖലയിൽ ചൈനീസ് സൈന്യം കടന്നു കയറിയെന്നും, ഗ്രാമം നിർമ്മിച്ചുമെന്നുമുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണ്. അവരുടെ പഴയ സൗകര്യങ്ങൾ നവീകരിക്കുക മാത്രമാണ് ചെയ്തത്. ചൈനീസ് ഭാഗത്തുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഇന്ത്യൻ സൈന്യം നിരീക്ഷിച്ചുവരികയാണെന്നും ബിപിൻ റാവത്ത് വിശദമാക്കി.

മറ്റ് മേഖലകളിൽ നിന്നും അപേക്ഷിച്ച് ദെസ്പഞ്ച് സമതലത്തിലും, ദെമ്ചോക്കിലും ഇരു സൈന്യങ്ങളും അടുത്തായാണ് നിലകൊള്ളുന്നത്. എങ്കിലും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.