തിരുവനന്തപുരം: വികസനത്തെ ദുർബലപ്പെടുത്തുന്ന കേന്ദ്രനയത്തിനെതിരെ സമരം പ്രഖ്യാപിച്ച് സിപിഎം. ഈ മാസം 16 ന് 21 കേന്ദ്രങ്ങളിൽ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ അറിയിച്ചു. കോൺഗ്രസിനെതിരെയും വിജയരാഘവൻ ആഞ്ഞടിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനും തടയാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് വിജയരാഘവൻ പറഞ്ഞു.

ബിജെപിക്ക് കേരളത്തിലെ കോൺഗ്രസ് ശിഷ്യപ്പെടുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു. അക്രമോത്സുകമായ ബിജെപി ശൈലിയിലേക്ക് കോൺഗ്രസ് മാറുന്നു. ജോജുവിനെ ആക്രമിച്ച ശേഷം ജോജു മാപ്പ് പറയണം എന്ന സ്ഥിതിയാണ്. . എം.എഫ്. ഹുസൈനെതിരെ ബിജെപി എടുത്ത ശൈലി കോൺഗ്രസുകാർ നടത്തുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.കോൺഗ്രസ് പ്രവർത്തകർ സിനിമാ ഷൂട്ടിങ് തടസപ്പെടുത്തുന്നതിനെയും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ധന വിലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കേരളത്തിൽ നടത്തുന്ന സമരത്തെ വിജയരാഘവൻ പരിഹസിച്ചു. പ്രതിപക്ഷ എംഎ‍ൽഎമാർ സ്ഥിരം സൈക്കിളിലാണോ യാത്ര ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. പെട്രോളിനും ഡീസലിനും കേന്ദ്രം വർദ്ധിപ്പിച്ച മുഴുവൻ തുകയും കുറയ്ക്കണം. നരേന്ദ്ര മോദിയെ സംരക്ഷിക്കുന്നതാണ് കോൺഗ്രസ് നിലപാട്. പിണറായി സർക്കാർ ജനത്തിന് മുകളിൽ ഒരു നികുതിയും വർദ്ധിപ്പിച്ചിട്ടില്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. കേരളത്തിലെ സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകുന്ന സർക്കാരാണെന്നും വിജയരാഘവൻ ചൂണ്ടിക്കാണിച്ചു