സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പരിചിതമായ ഗായികയാണ് എലിസബത്ത്. പാടുന്നതിനിടയിൽ പെട്ടെന്ന് ഞെട്ടൽ ഉണ്ടാകുക, ഇതു പല തവണ ആവർത്തിക്കുക.. ഫേസ്‌ബുക്കിൽ എലിസബത്ത് എന്ന ഗായികയുടെ പാട്ടു കേട്ടവരെല്ലാം ഇതെന്താ ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട്. ട്യൂററ്റ് സിൻഡ്രോം എന്ന അപൂർവ രോഗമാണ് എലിസബത്തിന്റെ ഞെട്ടൽ രോഗത്തിന്റെ കാരണം.

വർഷങ്ങളായി ഈ അപൂർവ രോഗത്തിനു ചികിത്സ തേടിയിരുന്ന എലിസബത്ത് ഇപ്പോൾ മറ്റൊരു വാർത്ത പങ്കുവച്ചിരിക്കുകയാണ്. ഇന്ന് അവർ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നു. ഞെട്ടൽ രോഗം മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാൻ കഴിയാത്തതിനാലാണ് ശസ്ത്രക്രിയ. 'ട്യൂററ്റ് സിൻഡ്രോം എന്ന അവസ്ഥ ഇപ്പോൾ മെഡിസിൻ ഉപയോഗിച്ച് കൺട്രോൾ ചെയ്യാൻ സാധിക്കാത്തതിനാൽ താൻ ഡീപ് ബ്രെയ്ൻ സ്റ്റിമുലേഷൻ Deep Brain Stimulation (DBS)എന്ന സർജറിക്ക് വിധേയയാകുന്നുവെന്ന് എലിസബത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഒപ്പം എല്ലാവരും തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും.'

ഒൻപതു വയസ്സുള്ളപ്പോഴാണ് എലിസബത്തിൽ ട്യൂററ്റ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ ആദ്യം പ്രകടമാകുന്നത്. ബെംഗളൂരുവിലെ നിംഹാൻസിൽ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും ലക്ഷണങ്ങൾ കൂടുതൽ പ്രകടമായിത്തുടങ്ങിയിരുന്നു.

എന്താണ് ട്യൂററ്റ് സിൻഡ്രോം?
ടിക്‌സ് ഡിസോർഡർ(Tics disorder) വിഭാഗത്തിൽ പെടുന്ന രോഗമാണ് ട്യൂററ്റ് സിൻഡ്രോം. മനഃപൂർവമല്ലാതെതന്നെ തുടരെത്തുടരെ കണ്ണു ചിമ്മുക, കയ്യോ കാലോ ചലിപ്പിക്കുക, ഞെട്ടുക തുടങ്ങിയവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.