ഗുവാഹത്തി: അസമിലെ കരിംഗഞ്ച് ജില്ലയിൽ സിമന്റ് ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 10 പേർ മരിച്ചു. നാല് സ്ത്രീകളും രണ്ട് കുട്ടികളും മരിച്ചവരിൽ പെടുന്നു. ഛാഠ് പൂജ കഴിഞ്ഞ് മടങ്ങിയവരാണ് അപകടകത്തിൽപ്പെട്ടത്. കരിംഗഞ്ച് ജില്ലയിലെ പതാർകണ്ടിയിൽ അസം ത്രിപുര ഹൈവേയിലാണ് അപകടമുണ്ടായത്.

ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒൻപത് പേർ സംഭവ സ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി. ട്രക്ക് ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.

മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ഒരു ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.