ന്ത്യയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്നും എത്തുനന്നവർക്ക്ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇന്ത്യ ഇളവുകൾ പ്രഖ്യാപിച്ചു. ഇനിമുതൽ വിദേശങ്ങളിൽ നിന്നും എത്തുന്ന അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്രയ്ക്ക് മുൻപോ, ഇന്ത്യയിൽ എത്തിയതിനു ശേഷമോ കോവിഡ് പരിശോധന ആവശ്യമില്ല. ഇന്നലെയായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. എന്നിരുന്നാലും, ഇന്ത്യയിൽ എത്തുമ്പോഴോ, ഹോം ക്വാറന്റൈനിൽ ഇരിക്കുമ്പോഴോ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ അവരെ പരിശോധനക്ക് വിധേയരാക്കും എന്നും പുതിയ മാർഗ്ഗ നിർദ്ദേശ രേഖയിൽ പറയുന്നു.

ആഗോളാടിസ്ഥാനത്തിൽ തന്നെ കോവിഡ് വ്യാപനം കുറയുവാൻ തുടങ്ങിയിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നത് തുടരുമെന്നും മാർഗ്ഗനിർദ്ദേശ രേഖയിൽ പറയുന്നു. സാർസ് കോവ്-2 വൈറസിന്റെ വിവിധ വകഭേദങ്ങൾക്ക് ഉണ്ടാകുന്ന പരിണാമവും അതുപോലെ മേഖലാടിസ്ഥാനത്തിൽ ഉണ്ടാകുന്ന രോഗവ്യാപനവും തുടർച്ചയായി നിരീക്ഷിക്കപ്പെടും. ആഗോളാടിസ്ഥാനത്തിൽ തന്നെ വാക്സിൻ പദ്ധതി വിജയകരമായി മുന്നോട്ട് പോകുന്നതിനാലും, രോഗവ്യാപനം കുറയുന്നതിനാലുമാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയിലേക്ക് യാത്രചെയ്യാൻ ആഗ്രഹിക്കുന്ന നിരവധി ബ്രിട്ടീഷ് ഇന്ത്യാക്കാർക്ക് അനുഗ്രഹമാണ് ഈ പുതിയ തീരുമാനം. മലയാളികൾ ഉൾപ്പടെയുള്ളവർക്ക് ഇനിമുതൽ നാട്ടിലെത്തുമ്പോൾ കുട്ടികളെ പരിശോധനക്ക് വിധേയരാക്കേണ്ടതായി വരില്ല. എന്നിരുന്നാലും, അവർ ഏതെങ്കിലും വിധത്തിലുള്ള രോഗലക്ഷണങ്ങൾ കാണിച്ചാൽ പരിശോധനക്ക് വിധേയരാക്കേണ്ടി വരും. അതുപോലെ നാട്ടിലെത്തിയാൽ ഹോം ക്വാറന്റൈനും വിധേയരാകേണ്ടതായി വരും.

നിയന്ത്രണങ്ങൾ ഒന്നൊന്നായി നീങ്ങിത്തുടങ്ങുന്നതോടെ വിദേശയാത്രകൾ പഴയനിലയിലേക്ക് മടങ്ങുകയാണ്. വ്യോമയാന മേഖലയിൽ ഇത് വലിയ ആശ്വാസം പകരുന്നുമുണ്ട്. അതുപോലെ ടൂറിസം മേഖലയ്ക്കും ഈ പുതിയ ഇളവുകൾ ഗുണം ചെയ്യും എന്നാണ് ഈ രംഗത്തെ പ്രമുഖർ പറയുന്നത്.