ലക്‌നൗ: അടുത്ത വർഷത്തെ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തകൃതിയായ ഒരുക്കങ്ങളിലാണ് ബിജെപി. പ്രവർത്തനങ്ങൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത് ഷാ വാരാണസിയിൽ എത്തി. ഓരോ ബിജെപി പ്രവർത്തകനും മൂന്നുകുടുംബങ്ങളിൽ നിന്നെങ്കിലും വോട്ട് നേടാൻ പരിശ്രമിക്കണം, ഷാ പറഞ്ഞു. യുപിയിലെ ജയം 2024 ലെ പൊതുതിരഞ്ഞെടുപ്പിലെ ജയത്തിലേക്കുള്ള വാതിലുകൾ തുറക്കും, അമിത് ഷാ പ്രവർത്തകർക്ക് പ്രചോദനം നൽകി,

മുഖ്യമന്ത്രി യോഗി ആദിത്യനാഥും അമിത് ഷായ്‌ക്കൊപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലം കൂടിയാണ് വാരാണസി. ഒരു മണിക്കൂറിലേറെ അദ്ദേഹം പ്രവർത്തകരുമായി സംസാരിച്ചു.' ബൂത്ത് ലെവൽ ക്യാമ്പെയിനുകൾ ശക്തിപ്പെടുത്തണം. ഇതിനായി ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ പ്രവർത്തകനും 60 പേരെ സ്വാധീനിച്ച് ബിിജെപിക്കായി വോട്ട് ഉറപ്പാക്കണം. അങ്ങനെ ആ സർക്കിളിൽ നിന്ന് 20 വോട്ടെങ്കിലും ലക്ഷ്യമിടണം. ഓരോ പ്രവർത്തകനു മൂന്നു കുടുംബങ്ങളിൽ നിന്ന് വോട്ട് കിട്ടണം', ഷാ പറഞ്ഞു.

' ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല. ഇത് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനും, രാഷ്ട്രത്തിന്റെ അന്തസ് നിലനിൽത്താനും ഉള്ള തിരഞ്ഞെടുപ്പാണ്. കേന്ദ്ര പദ്ധതികളായ സൗജന്യ ഗ്യാസ് സിലിണ്ടർ, കർഷകർക്കുള്ള പ്രധാനമന്ത്രിയുടെ പദ്ധതികൾ എന്നിവ പരമാവധി പ്രചരിപ്പിക്കണം. എന്നാൽ, കർഷക സമരങ്ങളെ കുറിച്ച്തന്റെ പ്രസംഗത്തിൽ ഷാ പരാമർശിച്ചില്ല എന്നത് ശ്രദ്ധേയമായി.


അതേസമയം, കോൺഗ്രസിനെ വിമർശിക്കാൻ ഷാ മറന്നില്ല. വർഷങ്ങളായി കോൺഗ്രസ് പ്രവർത്തകർ അഴിമതി മാത്രമാണ് നടത്തിയത്. കോൺഗ്രസിന് ലഭിച്ച അത്രയും വർഷം ബിജെപിക്ക് ഭരിക്കാൻ കിട്ടിയാൽ, ഇന്ത്യ ഒരു വൻ സാമ്പത്തിക ശക്തിയായി മാറും. യോഗി ആദിത്യ നാഥ് സർക്കാർ ഭരണത്തിൽ മാഫിയ ഗുണ്ടാ രാജിനെ അടിച്ചമർത്തി കഴിഞ്ഞു. അടുത്ത അഞ്ച് വർഷം യുപിയെ നമുക്ക് കൂടുതൽ മികവുറ്റതാക്കണം. യുപിയിലെ ജയം 2024 ലെ ജയത്തിലേക്കുള്ള വാതിലുകൾ തുറക്കും, അമിത്ഷാ പറഞ്ഞു.

മായാവതിയുടെ ബിഎസ്‌പിയും. അഖിലേഷ് യാദവിന്റെ എസ്‌പിയും ഭരണത്തിലിരുന്ന കാലത്ത് നടമാടിയ അഴിമതി, ഗൂണ്ടാ രാജ് എന്നിവയെ കുറിച്ച് വീട്‌തോറും നടന്ന് ബോധവത്കരിക്കാനും ഷാ പ്രവർ്ത്തകരോട് നിർദ്ദേശിച്ചു. അഖിലേഷ് യാദവിന്റെ മണ്ഡലമായ അസംഗഢിലാണ് നാളെ അമിത്ഷായുടെ സന്ദർശനം.