കൊച്ചി: അടുത്ത അഞ്ചു വർഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു കേരള ഐ ടി മേഖല മൂന്നു കോടി ചതുരശ്രീ അടിയിലേക്ക്. പള്ളിപ്പുറം ടെക്‌നോസിറ്റി കാമ്പസിൽ പടുത്തുയർത്തുന്ന ടിസിഎസ് എയ്‌റോസ്‌പേസ് ഹബ്, തിരുവനന്തപുരത്ത് നടപ്പിലാക്കുന്ന ടോറസ് ഡൗൺടൗൺ പദ്ധതി, ബ്രിഗേഡ് എന്റർപ്രൈസസിന്റെ വേൾഡ് ട്രേഡ് സെന്റർ, കൊച്ചി ഇൻഫോപാർക്കിൽ സാൻഡ്‌സ് ഇൻഫ്രാ -ഇൻഫിനിറ്റ്, പ്രസ്റ്റീജ് ഐ ടി പാർക്ക് , മാരറ്റ് ടെക് പാർക്ക് എന്നീ പ്രധാന പദ്ധതികളും മറ്റു ചെറുകിടപദ്ധതികളുമുൾപ്പെടെ 6000 കോടി രൂപയുടെ അധികനിക്ഷേപമാണ് കേരള ഐ ടി പാർക്കുകൾക്കു സ്വന്തമാകുക.

ഐബിഎസ്, കാസ്പിയൻ ടെക് പാർക്ക് പോലെയുള്ള വമ്പൻ ഐ ടി കമ്പനികളും വരും വർഷങ്ങളിൽ ഇൻഫോപാർക്കിൽ പ്രവർത്തനമാരംഭിക്കും. 1000 ഏക്കറിലധികമുള്ള കേരള ഐടി പാർക്കുകളിൽ 900 ത്തോളം ഐടി കമ്പനികളാണ് പ്രവർത്തിക്കുന്നത്. ഒരു കോടി ചതുരശ്ര അടി സ്ഥലം കൂടി പുതിയ പദ്ധതികൾക്കായി വികസിപ്പിക്കുമ്പോൾ അഞ്ച് വർഷത്തിനകം ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു വൻ കുതിപ്പിനാണ് വഴിയൊരുക്കുന്നത്.

കേരളത്തിലെ കഴിവുറ്റ യുവതലമുറക്കും അവസരങ്ങളുടെ വൻ വാതായനം തുറന്നിടുകയാണ് ഐടി മേഖല ഇപ്പോൾ. ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കി ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്കിന് പുറമെ കുണ്ടറ, കൊരട്ടി, ചേർത്തല എന്നിവിടങ്ങളിലായി സാറ്റ്‌ലൈറ്റ് പാർക്കുകളും സജ്ജീവമാണ്. തൊഴിലന്വേഷിച്ചു പ്രവാസജീവിതം സ്വീകരിക്കുന്നവർക്കും നാട്ടിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്കും ഐടി മേഖലയുടെ വളർച്ച പ്രതീക്ഷ നൽകും. മഹാമാരിക്കാലത്തും നിറം മങ്ങാതെ മികച്ച വളർച്ചയിലൂന്നിയ ലാഭം കൊയ്യാനായെന്നതും കേരളത്തിലെ ഐടി മേഖലയുടെ നേട്ടമാണ്.