- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപന്നിയേയും വനംവകുപ്പിനെയും ക്ഷുദ്രജീവികളായി കർഷകർ പ്രഖ്യാപിക്കണം: വി സി.സെബാസ്റ്റ്യൻ
കോട്ടയം: മനുഷ്യനെ കടിച്ചുകീറി കൊലചെയ്യുന്ന കാട്ടുപന്നിയെ മാത്രമല്ല, ഇതിന് കുടപിടിക്കുന്ന വനംവകുപ്പിനെയും ക്ഷുദ്രജീവികളായി കർഷകർ പ്രഖ്യാപിച്ച്, പിറന്നുവീണ മണ്ണിൽ ജീവിക്കാൻവേണ്ടി നിയമം കൈയിലെടുക്കാൻ ജനങ്ങളെ നിർബന്ധിതരാക്കുന്ന സാഹചര്യമാണ് കേരളത്തിലെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
വന്യജീവി ആക്രമത്താൽ ദിവസേന കർഷകരുൾപ്പെടെ മലയോരജനത മരിച്ചുവീണിട്ടും കണ്ണുതുറക്കാത്ത ഭരണസംവിധാനങ്ങൾക്കെതിരെ ഇനിയും നിശബ്ദരായിരിക്കുവാൻ കർഷകർക്കാവില്ല. കേന്ദ്ര കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവർക്ക് സ്വന്തം സംസ്ഥാനത്തെ കർഷകരുടെ ജീവൻ സംരക്ഷിക്കാനാവാത്തത് നിസ്സാരമായി കാണാനാവില്ല. കർഷകരെ കൊലയ്ക്കു കൊടുക്കുന്നത് വനംവകുപ്പാണ്. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുവാൻ മനുഷ്യാവകാശ കമ്മീഷനും നീതിന്യായപീഠവും തയ്യാറാകണം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം വനംവകുപ്പുതന്നെ ബോധപൂർവ്വം അട്ടിമറിക്കുന്നതിനു തെളിവുകളുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കാട്ടുപന്നിയെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് നടപടികൾ തുടരുന്നു. കേരളം ഇക്കാര്യത്തിൽ പ്രസ്താവനകൾ നടത്തി ജനങ്ങളെ വിഢികളാക്കുന്നു. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായി വനംവകുപ്പ് അധഃപതിച്ചിരിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മുമ്പിൽ ഓഛാനിച്ചുനിൽക്കുന്ന ജനപ്രതിനിധികളും ഭരണവും അപമാനമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാതെ എന്തു നിയമനിർമ്മാണമാണ് ജനപ്രതിനിധികൾ നിയമസഭയിൽ നടത്തുന്നത്. മൃഗങ്ങളെ വനത്തിൽ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം വനംവകുപ്പിനുണ്ട്. വനാതിർത്തിയിൽ അതിനുള്ള സംരക്ഷണഭിത്തികൾ നിർമ്മിക്കണം. കാടിനു താങ്ങാൻ കഴിയുന്നതിൽ കൂടുതൽ വന്യമൃഗങ്ങൾ പെരുകിയിട്ടുണ്ടെങ്കിൽ പെരുകുന്ന വന്യജീവികളെ നിർബന്ധിതവും അംഗീകൃതവുമായ വേട്ടയിലൂടെ നിയന്ത്രിക്കണം. ഇതാണ് ഓരോ രാജ്യങ്ങളിലും നടപ്പിലാക്കുന്നത്. ഇതിനു തയ്യാറാകാതെ നിരന്തരം ജനങ്ങളെ ദ്രോഹിക്കുന്ന സ്ഥിരം പ്രക്രിയയ്ക്ക് അവസാനമുണ്ടായേപറ്റൂ.
കർഷകനെ കൃഷിഭൂമിയിൽ നിന്ന് ബലംപ്രയോഗിക്കാതെ കുടിയിറക്കിയും കൊലയ്ക്കുകൊടുത്തും വനവിസ്തൃതി കൂട്ടാനാണ് ശ്രമമെങ്കിൽ ഒരിക്കലും അനുവദിക്കില്ല, സംഘടിച്ചെതിർക്കും. സംസ്ഥാന വനംപരിസ്ഥിതി ഉദ്യോഗസ്ഥരുടെ ബിനാമി നിയന്ത്രണത്തിലുള്ള പരിസ്ഥിതി സംഘടനകളെക്കുറിച്ചും വനംവകുപ്പും ഉദ്യോഗസ്ഥരും വിദേശ പരിസ്ഥിതി സാമ്പത്തിക ഏജൻസികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് വന്യജീവി ആക്രമങ്ങളെ ലഘൂകരിക്കാൻ സർക്കാർ ശ്രമിക്കരുത്. വന്യജീവികളുടെ കടന്നുകയറ്റംമൂലം കൃഷിനഷ്ടം വിലയിരുത്തുന്നതുപോലും വനംവകുപ്പാണെന്ന വിരോധാഭാസം നിലനിൽക്കുന്നു. വന്യജീവി അക്രമണത്തിന്റെ നഷ്ടപരിഹാരം എം.എ.സി.റ്റി. ആക്ടുപോലെ ലഭ്യമാക്കാൻ നിയമനിർമ്മാണമുണ്ടാവണം. തുച്ഛമായ നഷ്ടപരിഹാരം പോലും ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നത് അന്വേഷണവിധേയമാക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.