തുടർഭരണത്തിന്റെ അന്ധതയിലും അഹങ്കാരത്തിലും ആണ് എൽ.ഡി.എഫ്. സർക്കാർ എന്നും അതിന്റെ തെളിവാണ് സമസ്ത മേഖലയിലും ജനങ്ങളെ പിഴിയുന്ന സർക്കാർ നടപടിയെന്നും ബിജെപി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ പറഞ്ഞു.

പെട്രോളിന് കേന്ദ്രം നികുതി കുറച്ചാൽ സംസ്ഥാനവും നികുതി കുറയ്ക്കും എന്ന് പറഞ്ഞവർ കേന്ദ്രം നികുതി കുറച്ചിട്ടും പറഞ്ഞ വാക്ക് പാലിക്കാതിരിക്കുകയും കേന്ദ്ര സർക്കാർ നെല്ലിന്റെ താങ്ങു വില വർധിപ്പിച്ചിട്ടും അത് പോലും പാവപെട്ട നെൽകർഷകന് നൽകാതെ നെല്ലിന്റെ താങ്ങുവില വെട്ടിക്കുറയ്ക്കുകയും ചെയ്തുകൊണ്ട് എല്ലാ വിധത്തിലും കേരളത്തിലെ ജനങ്ങളെ തീവെട്ടിക്കൊള്ള നടത്തി പിഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം ഭാരവാഹിയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡന്റ് സജി പി. ദാസ് അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജി. മോഹനൻ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രതിഭ ജയേക്കർ, മണ്ഡലം ഭാരവാഹികളായ എൻ.ഡി.കൈലാസ്, ബിന്ദു വിലാസൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ ആർ. ഉണ്ണികൃഷ്ണൻ, ഉഷാ സാബു, ഉണ്ണികൃഷ്ണ മേനോൻ, സോണി റാം സുന്ദർ, മഹിളാ മോർച്ച ജില്ല സെക്രട്ടറി ജയലത, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് വിശ്വ വിജയപാൽ എന്നിവർ സംസാരിച്ചു.