- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഹോളണ്ട് രംഗത്തെത്തിയതോടെ പ്രതിഷേധക്കാർ തെരുവിൽ; യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും കോവിഡ് വീണ്ടും ആഞ്ഞു വീശുന്നു; ബ്രിട്ടൻ മാത്രം സ്വാതന്ത്ര്യത്തിലേക്ക്
വരുന്ന വർഷം കോവിഡ് നിയന്ത്രണങ്ങൾ അപ്പാടേ നീക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടൻ. അപ്പോഴാണ് ചില യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. ഹോളണ്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു. ലോക്ക്ഡൗൺ പ്രഖ്യാപനം എത്തിയതോടെ നൂറുകണക്കിന് ഡച്ച് പൗരന്മാർ പ്രതിഷേധവുമായി നിരത്തിലിറങ്ങി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിന് ജലപീരങ്കികൾ ഉപയോഗിക്കേണ്ടതായി വന്നു.
വെള്ളിയാഴ്‌ച്ച വൈകീട്ടോടെ പ്രഖ്യാപിച്ച ഭാഗിക ലോക്ക്ഡൗണിനെതിരെ പ്രതിഷേധവുമായി എത്തിയ 200 പേരോളം വരുന്ന ജനക്കൂട്ടം ഹേഗിലെ തെരുവുകളിൽ കല്ലെറിയുകയും പടക്കങ്ങൾ പൊട്ടിക്കുകയും ചെയ്തതോടെയാണ് പൊലീസ് അവരെ നീക്കം ചെയ്യാൻ ജലപീരങ്കി ഉപയോഗിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി മാർക്ക് റൂട്ട് പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് തെരുവിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്.
പ്രതിഷേധവുമായി നിരത്തിൽ കുത്തിയിരുന്നവർക്കെതിരെയായിരുന്നു പൊലീസ് ആദ്യം ജല പീരങ്കി ഉപയോഗിച്ചത്. പിന്നീട് വൈകീട്ടായിരുന്നു നിരത്തിലെത്തിയ ജനക്കൂട്ടം അക്രമാസക്തരായത്. കല്ലിൻ കഷ്ണങ്ങളും പടക്കങ്ങളും സൈക്കിളുകളുമൊക്കെ അവർ പൊലീസിനു നേരെ വലിച്ചെറിഞ്ഞു. തുടർന്ന് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. അങ്ങനെ സമാധാനപരമായി തുടങ്ങിയ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു.
അതേസമയം നെതർലാൻഡ്സിൽ കോവിഡ് അതിവേഗം പടർന്ന് പിടിക്കുകയാണ്. പുതിയതായി രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ കാര്യത്തിൽ വെള്ളിയാഴ്‌ച്ച റെക്കോർഡ് എണ്ണമാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും മരണനിരക്ക് കുറവാണെന്നത് ചെറിയൊരു ആശ്വാസം പ്രദാനം ചെയ്യുന്നുണ്ട്. നെതർലാൻഡ്സിലും മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് വ്യാപനം വീണ്ടും ശക്തിപ്പെടുമ്പോൾ പക്ഷെ ബ്രിട്ടാൻ ആശ്വാസ നിശ്വാസമുതിർക്കുകയാണ്. കഴിഞ്ഞയാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് ഈയാഴ്‌ച്ച രോഗവ്യാപനത്തിൽ വർദ്ധനവ് ഉണ്ടായെങ്കിലും കഴിഞ്ഞ മൂന്നാഴ്‌ച്ചത്തെ കണക്കെടുത്താൽ രോഗവ്യാപന തോത് കുറാവ് തന്നെയാണ്.
ഇന്നലെ ബ്രിട്ടനിൽ 38,351 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ, ഈയാഴ്‌ച്ച തുടർച്ചയായി വർദ്ധിച്ചുവന്ന കോവിഡ് വ്യാപന നിരക്ക് ഇന്നലെ മാറ്റമില്ലാതെ തുടർന്നു എന്നത് ശ്രദ്ധേയമാണ്. അതുപോലെ മരണനിരക്കിൽ 1.2 ശതമാനത്തിന്റെ വർദ്ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണവും കുറയുകയാണ്.
മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ബ്രിട്ടനിൽ രോഗവ്യാപനം താഴേക്ക് പോവുകയാണെന്നാണ് വിദഗ്ദർ പറയുന്നത്. അതുകൊണ്ടു തന്നെ മറ്റൊരു ലോക്ക്ഡൗൺ ആവശ്യമായി വരില്ലെന്നും ഇവർ പറയുന്നു. നെതർലാൻഡ്സിനു പിറകെ ആസ്ട്രിയയിലും ലോക്ക്ഡൗൺ നടപ്പാക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചാൻസലർ അലക്സാൻഡർ ഷാലെൻബെർഗിന്റെ പ്രഖ്യാപനം വന്നതോടെ നെതർലാൻഡ്സിലേതിനു സമമായി ആസ്ട്രിയയിലും പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി.
മറുനാടന് മലയാളി ബ്യൂറോ