- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലാക്ക്‌ബേൺ എൻ എച്ച് എസ് ഹോസ്പിറ്റലിലെ മലയാളി ഷെഫുമാർ യു കെയിലെ എൻ എച്ച് എസ് ആശുപത്രികളിലെ ഏറ്റവും മികച്ച പാചകക്കാർ; സനീഷും സിന്റോയും ജേതാക്കളായി സെലിബ്രിറ്റി കരിയറിലേക്ക്
മനുഷ്യരുടെ ഹൃദയത്തിലേക്കെത്താൻ ഏറ്റവും എളുപ്പവഴി അവരുടെ ഉദരത്തിലൂടെയാണെന്നൊരു ചൊല്ലുണ്ട്. രുചികരമായ ഭക്ഷണം നൽകുന്നവർ എന്നും ഏവർക്കും പ്രിയപ്പെട്ടവരാകും എന്നതിന് ശംശയമൊന്നുമില്ല. ഇപ്പോഴിത രണ്ട് മലയാളികൾ ആരോഗ്യപൂർണ്ണവും രുചികരവുമായ വിഭവങ്ങളൊരുക്കി ബ്രിട്ടന്റെ ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുന്നു. ഇതാദ്യമായി നടത്തിയ എൻ എച്ച് എസ് ഷെഫ് ഓഫ് ദി ഇയർ മത്സരത്തിൽ വിജയം നേടിയാണ് മലയാളികളായ സനിഷ് തോമസും സിന്റോ മുളവരിക്കലും ബ്രിട്ടന്റെ ഹൃദയത്തിൽ ആധിപത്യം സ്ഥാപിച്ചത്.
റോയൽ ബ്ലാക്ക്‌ബേൺ ടീച്ചിങ് ഹോസ്പിറ്റലിലെ പാചകക്കാരായ ഇവർ ജഡ്ജുമാരുടെ മനസ്സ് കീഴടക്കിയത് ഒരു ഫോർ-കോഴ്സ് മെനു തയ്യാറാക്കിക്കൊണ്ടായിരുന്നു. വാമിനിസ്റ്റർ കുക്കറി സ്‌കൂളിൽ ആറു ദിവസങ്ങളിലായി നടത്തിയ ഫൈനൽ റൗണ്ടിൽ സനീഷിനും സിന്റോയ്ക്കും കടുത്ത മത്സരമായിരുന്നു നേരിടേണ്ടി വന്നത്. എൻ എച്ച് എസിലെ പാചകക്കാരുടെ പാചകനൈപുണ്യം പ്രദർശിപ്പിക്കുവാനായി ആദ്യം മേഖലാടിസ്ഥാനത്തിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. കഴിഞ്ഞ ജൂലായിൽ ആയിരുന്നു മേഖലാ മത്സരങ്ങൾ ആരംഭിച്ചത്.
രോഗികൾക്ക് ആവശ്യമായ ഭക്ഷണം രുചികരമായ രീതിയിൽ ഉണ്ടാക്കുന്നതിന് എൻ എച്ച് എസ് പാചകക്കാർക്കുള്ള മിടുക്കും നൈപുണ്യവും പരീക്ഷിക്കപ്പെട്ട വേദിയായിരുന്നു അത്. ന്യുകാസിലിൽ നടന്ന മത്സരത്തിലെ വിജയത്തിനുശേഷം രണ്ടാഴ്‌ച്ച നീണ്ടുനിന്ന മത്സരത്തിൽ മറ്റ് ഏഴു ടീമുകളുമായിട്ടായിരുന്നു സനിഷും സിന്റോയും ഏറ്റുമുട്ടിയത്. സവിശേഷമായ ആശുപത്രി ഭക്ഷണത്തിലെ വിവിധ ഇനങ്ങൾ ഉണ്ടാക്കുന്നതായിരുന്നു മത്സരം.
പ്രാതൽ, കുട്ടികൾക്കുള്ള പ്രത്യേകാഹാരം, സസ്യാധിഷ്ഠിത ആഹാരം, ഊർജ്ജ ദായകമായതും അലർജി ഉണ്ടാക്കാത്തതുമായ ആഹാരം, പൈതൃക രീതിയിലുള്ളതും സാംസ്‌കാരിക തനിമ നിലനിർത്തുന്നതുമായ വിഭവങ്ങൾ, ജീവിതശൈലികൾക്ക് ഉതകുന്ന ഭക്ഷണം, ലഘുഭക്ഷണം എന്നീ വിവിധ ഇനങ്ങളിലായിട്ടായിരുന്നു മത്സരം നടന്നത്.മത്സരത്തിന്റെ രണ്ടാമത്തെ ആഴ്‌ച്ച നോക്കൗട്ട് റൗണ്ട് ആരംഭിച്ചു. ഓരോരോ ടീമായി മത്സരത്തിൽ നിന്നും പുറത്താകാനും ആരംഭിച്ചു. അവസാനം ഫൈനലിൽ അവശേഷിച്ചത് മൂന്ന് ടീമുകൾ മാത്രമായിരുന്നു.
ഫൈനലിൽ എത്തിയപ്പോൾ പോലും മത്സരത്തിൽ ജയിക്കാനാവുമെന്ന് കരുതിയിരുന്നില്ല എന്നാണ് സനിഷ് പറയുന്നത്. ജയിച്ചു എന്ന് വിശ്വസിക്കാനായില്ല. മൂന്നാം സ്ഥാനമോ, ഏറിയാൽ രണ്ടാം സ്ഥാനമോ ലഭിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും സനീഷ് പറഞ്ഞു. പങ്കെടുത്ത ടീമുകൾ എല്ലാം തന്നെ കഴിവുറ്റ പാചകക്കാർ ഉൾപ്പെട്ടതായിരുന്നു അതുകൊണ്ടു തന്നെ വളരെ കഠിനമായ മത്സരമായിരുന്നു നടന്നതെന്നും സനീഷ് പറഞ്ഞു.
ഞങ്ങളാണ് പാചകം ചെയ്തതെങ്കിലും ഇ എൽ എച്ച് ടിയിലെ മുഴുവൻ ജീവനക്കാരും ഞങ്ങളുടെ പുറകിലുണ്ടായിരുന്നു. ചേരുവകകൾ തയ്യാറാക്കുന്നതിലും മറ്റും അവർ സഹായിക്കുകയും ചെയ്തു. അതുപോലെ മാനേജർ ടിം റാഡ്ക്ലിഫ് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ടായിരുന്നു, സനീഷ് പറയുന്നു.താറാവിറച്ചി പാചകം ചെയ്യുന്ന സമയത്ത് അതിന്റെ വലിപ്പം കുറഞ്ഞുവെന്ന് പറഞ്ഞപ്പോൾ തന്നെ വലിയൊരെണ്ണം ടിം സംഘടിപ്പിച്ചു തന്നത് സനീഷ് എടുത്തുപറഞ്ഞു.
സിന്റോയ്ക്കും സന്തോഷം അടക്കാനാവുന്നില്ല. പ്രത്യേകിച്ച് ഭാര്യയുടെ പ്രസവം അടുത്തിരിക്കുന്ന സമയത്ത് വന്നുചേർന്ന ഈ സമ്മാനം ഇരട്ടി സന്തോഷം നൽകുന്നു എന്നാണ് സിന്റോ പറയുന്നത്. ട്രസ്റ്റ് ഫസിലിറ്റി മാനേജർ ടിം റാഡ്ക്ലിഫ്ഫും അതുപോലെ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റിഅഷുറൻസ് മാനേജർ ജിജോ മാത്യൂവും പൂർണ്ണ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. മത്സരത്തിലുടനീളം അവർ ഉപദേശകരായും രക്ഷകർത്താക്കളായും കൂടെയുണ്ടായിരുന്നു.
ഈ വിജയത്തോടെ ഈ രണ്ട് മലയാളി ഷെഫുമാരും സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് ഉയർന്നിരിക്കുകയാണ് . അടുത്തവർഷത്തെ മത്സരത്തിനുള്ള ഇ എൽ എച്ച് ടി ടീമിന് വേണ്ട ഉപദേശവും മാർഗ്ഗനിർദ്ദേശവും നൽകാൻ ഇവർ മെന്റർമാരായി എത്തും. നിരവധി സമ്മാനങ്ങൾക്കു പുറമേ ബെസ്റ്റ് ബ്രിട്ടീഷ് ഫുഡ് 2021 സമ്മാനവും ഹോസ്പിറ്റൽ കാറ്ററിങ് സർവീസ് ഓഫ് ദി ഇയർ പുരസ്‌കാരവും ഇവർക്ക് ലഭിക്കും. പുളി ചട്ടിണിയോടപ്പമുള്ള വെജിറ്റബിൾ സമോസയായിരുന്നു വിജയം നേടിക്കൊടുത്ത മെനു.വിലെ ആദ്യ ഇനം.
പിന്നീട്, നിരവധി വ്യത്യസ്ത ഇനങ്ങൾ ഇവർ തയ്യാറാക്കിയിരുന്നു. ക്വിനോവ ഇനത്തിൽ പെട്ട കടലകൊണ്ടുണ്ടാക്കിയ ഒരു വിഭവവും ഒലീവെണ്ണയിൽ പൊരിച്ചെടുത്ത പച്ചക്കറി വിഭവവും കൂടുതൽ ശ്രദ്ധയാകർഷിച്ചു. അതോടൊപ്പം നടത്തിയ ഓറഞ്ച് ഡ്രസ്സിംഗും പുരസ്‌കാരം നേടുന്നതിന് അവരെ സഹായിച്ചു. ഓരോ ടീമിനും 90 മിനിറ്റ് സമയമാണ് ത്രീ കോഴ്സ് മീൽ തയ്യാറാക്കാൻ നൽകിയത്. ആശുപത്രിയിലെ ഭക്ഷണത്തിനുതകുന്ന വിധത്തിലുള്ളതും, ബജറ്റിൽ ഒതുങ്ങുന്നതും അതുപോലെ ട്രോളിയിൽ രോഗികൾക്ക് വിതരണം ചെയ്യാവുന്നതുമായിരിക്കണം ഇതെന്ന നിബന്ധനയുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ