ഗുർഗാവ്: വായു മലിനീകരണം രൂക്ഷമായതോടെ നാല് ജില്ലകളിലെ സ്‌കൂളുകൾ അടച്ചിട്ട് ഹരിയാന . ഒപ്പം തന്നെ ഈ ജില്ലകളിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും ഹരിയാന തീരുമാനിച്ചു. ദേശീയ തലസ്ഥാനമായ ഡൽഹിയുമായി അതിർത്തി പങ്കിടുന്ന നാല് ജില്ലകളിലാണ് ഹരിയാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഏഴു ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ.

ഗുർഗാവ്, ഫരീദാബാദ്, ജഗ്ജർ, സോണിപത്ത് എന്നീ ജില്ലകളിലാണ് സ്‌കൂളുകൾ അടച്ചിടാൻ സർക്കാർ നിർദേശിച്ചത്. ഈ ജില്ലകളിലെ വായുവിന്റെ നിലവാരം വളരെ അപകടകരമായ ആവസ്ഥയിലാണെന്നും ഇത് പ്രത്യേകിച്ച് കുട്ടികൾക്ക് അപകടകരമായതിനാലാണ് സ്‌കൂളുകൾ അടച്ചിടാനുള്ള തീരുമാനം എടുത്തത് എന്നാണ് ഹരിയാന സർക്കാർ പറയുന്നത്.

രാജ്യതലസ്ഥാനത്തെ വായുവിന്റെ നിലവാരം സംബന്ധിച്ച് സുപ്രീംകോടതി ഗൗരവമായ ഇടപെടൽ നടത്തിയതിന് പിന്നാലെ ഹരിയാന സർക്കാറിന്റെ എയർ ക്വാളിറ്റി കമ്മീഷൺ ഞായറാഴ്ച നടത്തിയ യോഗത്തിന്റെ നിർദേശ പ്രകാരമാണ് ഡൽഹിയുടെ അയൽ ജില്ലകളിൽ സ്‌കൂളുകൾ അടച്ചിടാനും, നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും നടപടിയെടുത്തത്. നിർമ്മാണ പ്രവർത്തനങ്ങളും മറ്റും നിർത്തിവയ്ക്കുന്നതിലൂടെ വാഹനങ്ങളിൽ നിന്നുള്ള 40 ശതമാനത്തോളം മലിനീകരണം കുറയ്ക്കാൻ സാധിക്കുമെന്നാണ് ഹരിയാന സർക്കാർ പ്രതീക്ഷിക്കുന്നത്.