തൊടുപുഴ: അൻപതിലേറെ വർഷങ്ങൾ പഴക്കമുള്ള കാലഹരണപ്പെട്ട ഭൂനിയമങ്ങൾ കാലത്തിനനുസരിച്ച് ഭേദഗതി ചെയ്യുന്നില്ലെങ്കിൽ മലയോരജനതയ്ക്ക് നിലനിൽപ്പില്ലെന്നും രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ ഇക്കാര്യത്തിൽ അടവുനയം മാറ്റി ആത്മാർത്ഥ സമീപനം സ്വീകരിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

നിർമ്മാണപ്രവർത്തനങ്ങൾ നാടിന്റെ വികസനത്തിന്റെ ഭാഗമാണ്. നഗരങ്ങളിൽ വയൽ നികത്തി സൗധങ്ങൾ പണിതിരിക്കുന്ന പരിസ്ഥിതി മൗലികവാദികളാണ് മലയോരങ്ങളിലെ ജനജീവിതത്തെയും വികസനത്തെയും എക്കാലവും വെല്ലുവിളിക്കുന്നതും കോടതിവ്യവഹാരങ്ങളിലൂടെ നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുന്നതും. വൻകിട ടൂറിസ്റ്റ് പദ്ധതികളും ഖനന ക്വാറികളും കർഷകരുടേതോ മലയോരജനതയുടേതോ അല്ല. ഇവയ്ക്ക് അനുമതി നൽകിയിരിക്കുന്നത് സർക്കാരും ഉദ്യോഗസ്ഥരുമാണ്. ഇതിന്റെ പേരിൽ പിറന്നുവീണ മണ്ണിൽ ജീവിതം കെട്ടിപ്പടുക്കാൻ പണിയെടുക്കുന്ന ഒരു ജനതയെ ക്രൂശിക്കാൻ അനുവദിക്കില്ല.

1964ലെ ഭൂപതിവ്ചട്ടം നാലാം റൂളും 1993ലെ പ്രത്യേക ചട്ടം റൂൾ മൂന്നും മുൻകാലപ്രാബല്യത്തോടെ അടിയന്തരമായി ഭേദഗതിചെയ്യണം. ജനവാസമേഖലയിലേയ്ക്കും കൃഷിയിടങ്ങളിലേയ്ക്കും വന്യമൃഗങ്ങൾ കടക്കാതെ അതിർത്തി നിശ്ചയിച്ച് സംരക്ഷണമൊരുക്കേണ്ടത് വനംവകുപ്പാണ്. പട്ടയഭൂമിയിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട് ഒക്ടോബർ 20ന് ഇറക്കിയ ഉത്തരവിൽ കൂടുതൽ വ്യക്തതയുണ്ടാകണം.

ഭൂരേഖകളിൽ ഏലംകൃഷി, സെറ്റിൽമെന്റ് എന്നൊക്കെ എഴുതിയിരിക്കുന്നതിന്റെ പേരിൽ പട്ടയം നിഷേധിക്കരുത്. ഭൂരിഭാഗം പട്ടയഭൂമികളും കൃഷിഭൂമിതന്നെയാണ്. ഈ ഭൂമിയിൽ വീടുകൾ, ചെറുകിട വ്യാപാരം, സ്‌കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവ പ്രവർത്തിക്കുന്നത് ഒരു നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും നിലനിൽപ്പിനുംവേണ്ടിയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഭൂനിയമങ്ങൾ കോടതിവ്യവഹാരത്തിലൂടെ ഇപ്പോഴും അടിച്ചേൽപ്പിച്ച് മലയോരമണ്ണിലെ ജനജീവിതം ദുസ്സഹമാക്കുന്നതിനെ സംഘടിതമായി എതിർക്കണം.

കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിനിടയിലുണ്ടായ ജനസംഖ്യാവർദ്ധന, തൊഴിൽ, വ്യാപാരം, കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങി നാടിന്റെ സമസ്തമേഖലകളിലും വന്നിരിക്കുന്ന വലിയ മാറ്റങ്ങളെ ഭരണത്തിലിരിക്കുന്നവർ കാണാതെ പോകരുതെന്നും പ്രകൃതിക്ഷോഭത്തെയും പ്രളയത്തെയും അതിജീവിച്ച് ജീവിത പോരാട്ടം നടത്തുന്ന ജനസമൂഹത്തെ സ്വന്തം മണ്ണിൽ ജീവിക്കാൻ അനുവദിക്കുന്ന തരത്തിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ഭൂനിയമങ്ങളിൽ പൊളിച്ചെഴുത്ത് നടത്തണമെന്നും വി സി.സെബാസ്റ്റ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.