തിരുവനന്തപുരം: മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന സർക്കാർ വാഗ്ദാനം കാപട്യം ആണെന്ന് തെളിഞ്ഞതായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രവേശന നടപടികൾ പൂർത്തിയായി ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിയുമ്പോൾ അമ്പതിനായിരത്തിലധികം വിദ്യാർത്ഥികൾ ഇപ്പോഴും പ്ലസ് വൺ സീറ്റ് ലഭിക്കാതെ പുറത്തു നിൽക്കുകയാണ്. വിദ്യാഭ്യാസ അവകാശത്തെ അനീതിയുടെ നുണകൾ കൊണ്ട് മറുപടി പറയുന്ന ഇടതുസർക്കാർ നടപടികൾ കടുത്ത വിദ്യാർത്ഥി വഞ്ചനയും അവകാശ നിഷേധവുമാണ് എന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൂട്ടിച്ചേർത്തു.

പുതിയ പ്ലസ് വൺ വിദ്യാർത്ഥികൾ കടന്നുവന്ന ദിവസം സർക്കാർ ധാർഷ്ട്യത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന തലത്തിൽ വഞ്ചനാ ദിനമായി ആചരിച്ചു.
രൂക്ഷമായ സീറ്റ് പ്രതിസന്ധി ഉണ്ടായിട്ടും ഒരു പുതിയ സ്ഥിര ബാച്ചും അനുവദിക്കാത്ത സർക്കാർ നടപടികൾക്കെതിരെ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം നൽകുന്നതു വരെ ശക്തമായ പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സമര രംഗത്ത് തുടരുമെന്നും അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുജീബുറഹ്‌മാൻ എസ്, കെ.കെ അഷ്‌റഫ്, അർച്ചന പ്രജിത്ത്, കെ.എം ഷെഫ്രിൻ, ഫസ്‌ന മിയാൻ, സനൽ കുമാർ, കെ.പി തശരീഫ് എന്നിവർ സംസാരിച്ചു.