റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാല് മുതൽ അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാർ സൗദി അറേബ്യയിൽ നിന്ന് മടങ്ങി. കോവിഡ് കാലത്തിന് മുമ്പ് സൗദിയിലെ ഇന്ത്യക്കാരുടെ എണ്ണം 26 ലക്ഷമായിരുന്നെങ്കിൽ ഇപ്പോഴിത് 22 ലക്ഷമായി കുറഞ്ഞതായി സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു.

എന്നാൽ സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇപ്പോഴും ഇന്ത്യക്കാർ തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി ടെലിവിഷൻ ചാനലായ 'അൽ ഇഖബ്രിയ'യോട് സംസാരിക്കുകയായിരുന്നു അംബാസഡർ.

സൗദിയിൽ ഏകദേശം 40 ഇന്ത്യൻ സ്‌കൂളുകളാണുള്ളത്. ഇവിടങ്ങളിൽ 80,000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഇന്ത്യക്കാർ സൗദിയിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിട്ടുണ്ട്. പലരും ജനിച്ചതും സൗദിയിലാണ്. സൗദിയിലെ ആകെ ജനസംഖ്യയായ 3.48 കോടി ആളുകളിൽ 1.05 കോടിയും വിദേശികളാണ്.