ന്യൂഡൽഹി: ഇന്ത്യയുടെ 41-ാം അന്റാർട്ടിക് പര്യവേക്ഷണ പദ്ധതിക്ക് നേതൃത്വം നൽകാൻ മലയാളി യുവാവും. കോതമംഗലം സ്വദേശിയായ അനൂപ് സോമനാണു പദ്ധതി ഏകോപിപ്പിക്കുന്ന മൂവർ സംഘത്തിലെ ഒരാൾ. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്‌നെറ്റിസത്തിലെ ടെക്‌നിക്കൽ ഓഫിസറായ അനൂപ് 30, 31 പര്യവേക്ഷണ സംഘങ്ങളുടെയും ഭാഗമായിരുന്നു.

അനൂപും സംഘവും ഇന്ത്യയിൽ നിന്നും യാത്ര തിരിച്ചു. അന്റാർട്ടിക്ക കോവിഡ്‌വിമുക്തമായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി ഡൽഹി എയിംസിലെ പരിശോധനയ്ക്ക് ശേഷമാണു സംഘം യാത്ര തിരിച്ചത്. മഞ്ഞിൽ കഴിയാനായി ഇന്തോടിബറ്റൻ ബോർഡർ പൊലീസിൽ നിന്ന് പ്രത്യേക പരിശീലനം നേടി. ദക്ഷിണാഫ്രിക്കയിൽ 14 ദിവസത്തെ ക്വാറന്റീനുമുണ്ടായിരുന്നു.

അന്റാർട്ടിക്കയിലെ ഇന്ത്യൻ ഗവേഷണ കേന്ദ്രമായ ഭാരതി സ്റ്റേഷനിലെ ഭൗമശാസ്ത്ര പര്യവേക്ഷണം ആണ് പദ്ധതിയിൽ ആദ്യത്തേത്. ഇന്ത്യയുടെ മറ്റൊരു ഗവേഷണ കേന്ദ്രമായ മൈത്രിക്ക് സമീപമാണ് 500 മീറ്റർ ഐസ് തുളച്ച് രണ്ടാമത്തെ ഗവേഷണം.

1981ൽ ആണ് ഇന്ത്യയിൽനിന്നുള്ള പര്യവേക്ഷകർ ആദ്യമായി അന്റാർട്ടിക്കയിൽ എത്തുന്നത്. 'ദക്ഷിണ ഗംഗോത്രി', മൈത്രി, ഭാരതി എന്നീ 3 ഗവേഷണ സ്റ്റേഷനുകൾ ഇവിടെ ഇന്ത്യയ്ക്കുണ്ട്. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷനൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച് (എൻസിപിഒആർ) ആണ് പര്യവേക്ഷണത്തിനു നേതൃത്വം വഹിക്കുന്നത്.