കോഴിക്കോട്: കഴിഞ്ഞ ദിവസം നടന്ന പിഎസ്‌സിയുടെ ബിരുദ പ്രിലിമിനറി പരീക്ഷയിലെ ചോദ്യങ്ങൾ വികലമായ മലയാളത്തിലെന്ന് വ്യാപക പരാതി. ഇംഗ്ലിഷിലോ മലയാളത്തിലോ ചോദ്യങ്ങൾ തിരഞ്ഞെടുത്ത് എഴുതാവുന്ന പരീക്ഷയിൽ മലയാളം തിരഞ്ഞെടുത്തവർക്ക് ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ ഇംഗ്ലിഷ് കൂടി വായിക്കേണ്ടി വന്നെന്നാണ് ഉദ്യോഗാർഥികളുടെ ആക്ഷേപം. ഒന്നേകാൽ മണിക്കൂർ കൊണ്ട് പകുതി ചോദ്യങ്ങൾക്ക് പോലും ഉത്തരമെഴുതാൻ കഴിയാത്ത വിധം കടുകട്ടിയായിരുന്നു പരീക്ഷ.

'Emergency declare' ചെയ്യുമ്പോൾ മൗലികാവകാശങ്ങൾ റദ്ദാക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏതെന്ന ചോദ്യം മലയാളത്തിലേക്കു മൊഴിമാറ്റിയപ്പോൾ 'അത്യാഹിതം' പ്രഖ്യാപിക്കുമ്പോൾ എന്നായി മാറി. Emergency ക്ക് അടിയന്തരാവസ്ഥ എന്ന മലയാളം ഉണ്ടായിരിക്കെയാണ് പിഎസ്‌സിയുടെ 'അത്യാഹിതം'. കേരളത്തിലെ ൃലുെീിശെയഹല government (ഉത്തരവാദ ഭരണ) പ്രക്ഷോഭത്തെക്കുറിച്ചുള്ള ചോദ്യം മലയാളത്തിലേക്കു മൊഴിമാറ്റിയപ്പോൾ 'ഉത്തരവാദിത്തമുള്ള കേരള സർക്കാരിനെ' കുറിച്ച് ഉത്തരമെഴുതുക എന്നായി. 'വാല സമുദായ പരിഷ്‌കരണി സഭ' മൊഴി മാറ്റിയപ്പോൾ 'വള സമുദായ പരിഷ്‌കരണി സഭ' ആയി മാറി.

കംപ്യൂട്ടർ സിപിയുവിലെ 'താൽക്കാലിക ദ്യുതവേഗ സംഭരണ സ്ഥലം' ഏതെന്നു ചോദ്യം വായിച്ച് അന്തംവിട്ട ഉദ്യോഗാർഥികൾക്ക് ഇംഗ്ലിഷ് വായിച്ചപ്പോഴാണ് 'ഹൈ സ്പീഡ് സ്റ്റോറേജ് ഏരിയ' ആണെന്നു മനസ്സിലായത്. 'national integration' (ദേശീയോദ്‌ഗ്രഥനം) അവാർഡ് കിട്ടിയ മികച്ച സിനിമ ഏതെന്ന ഇംഗ്ലിഷ് ചോദ്യം മലയാളത്തിലാക്കിയപ്പോൾ 'ദേശീയ സംയോജനത്തിനുള്ള' മികച്ച സിനിമയായി. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് 'പോക്‌സോ' എന്നുള്ളതിനു പകരം 'പോസ്‌കോ' എന്നായിരുന്നു ചോദ്യപേപ്പറിൽ രേഖപ്പെടുത്തിയിരുന്നത്.