കുറഞ്ഞ നിരക്കിലും സമയത്തിലും തലസ്ഥാന നഗരത്തിൽ സഞ്ചരിക്കാനുള്ള പദ്ധതിയുമായി നാഷണൽ ട്രാൻസ്പോർട്ട് അഥോറിറ്റി. നവംബർ 28 മുതലാണ് ടിഎഫ്‌ഐ 90 എന്ന പുതുമയുള്ള ഈ പൊതുഗതാഗത പദ്ധതി പ്രാവർത്തികമാവുക. 2.30 യൂറോയ്ക്ക് ഒന്നരമണിക്കൂറിനുള്ളിൽ ഡബ്ലിനിലെവിടേയും എത്തിപ്പെടാവുന്നതാണ് ഈ പദ്ധതി.

പുതിയ പദ്ധതി പ്രകാരം യാത്രക്കാർക്ക് ഒരു തവണ എടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് Dublin Bus, Luas, ഒരുപിടി Dart സർവീസ്, commuter train, Go-Ahead Ireland എന്നിവയിലെല്ലാം യാത്ര ചെയ്യാം. ടിക്കറ്റ് എടുത്ത ശേഷം അടുത്ത 90 മിനിറ്റിനുള്ളിലാണ് ഈ സൗകര്യം. ഓരോന്നിലും വെവ്വേറെ ടിക്കറ്റുകൾ എടുക്കേണ്ടതില്ല എന്നതാണ് പുതിയ പദ്ധതിയുടെ പ്രധാന ഗുണം.

പദ്ധതി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മാർച്ച് അവസാനം വരെ TFI Leap Card ഉപയോഗിക്കുന്ന മുതിർന്നവർക്കും, വിദ്യാർത്ഥികൾക്കും 2.30 യൂറോ ആയിരിക്കും ടിക്കറ്റ് വില. 18 വയസ് വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വിലയുടെ 80% ഡിസ്‌കൗണ്ടുമുണ്ട്.പുതിയ ഫ്‌ളാറ്റ് ചൈൽഡ് ലീപ് നിരക്ക് 80 സെന്റായിരിക്കുമെന്ന് എൻടിഎ അറിയിച്ചു. സ്‌കൂൾ സമയത്തിന് ശേഷവും കുട്ടികൾക്ക് ഡബ്ലിൻ സിറ്റി ബസ്, ലുവാസ്, കമ്മ്യൂട്ടർ റെയിൽ, ഷോർട്ട് ഹോപ്പ് സോണിനുള്ളിലെ ഡാർട് സർവ്വീസുകൾ എന്നിവയിലെല്ലാം യാത്ര ചെയ്യാൻ ഇതിലൂടെ അനുവദിക്കും. ഏത് മോദിലേക്കും സൗജന്യ ട്രാൻസ്ഫർ സാധിക്കും. ഇതിനും ഒന്നര മണിക്കൂർ എന്ന സമയ പരിധിയുണ്ടാകും.

BusConnects programme-മായി ബന്ധപ്പെട്ടാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് പറയുന്നു. പൊതുഗതാഗതത്തെ കൂടുതൽ മികവുറ്റതും, സാധാരണക്കാർക്ക് കൂടുതൽ ഉപകാരപ്രദവും ആക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പലയിടങ്ങളിലായി ഒരേ ദിവസം സഞ്ചരിക്കേണ്ടിവരുന്നവർക്ക് കുറഞ്ഞ ചെലവിൽ യാത്രകൾ സാധ്യമാകുമെന്ന നേട്ടവുമുണ്ട്.