കോഴിക്കോട്: ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികൾക്ക് വസ്ത്രധാരണം ചെയ്യാൻ കഴിയണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. അദ്ധ്യാപകർക്കും ഏറ്റവും സൗകര്യപ്രദമായ വസ്ത്രം ധരിച്ച് ക്ലാസുകളിൽ എത്താനാവണമെന്നും സതീദേവി കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ലിംഗഭേദമില്ലാത്തെ സ്‌കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം കൊണ്ടു വരണമെന്ന പ്രചാരണം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് അദ്ധ്യാപകരുടെ വേഷത്തെക്കുറിച്ചും ചർച്ചകൾ ഉയരുന്നത്.

സംസ്ഥാനത്തെ കോളേജുകളിൽ അദ്ധ്യാപകർ ഏത് വസ്ത്രം ധരിക്കണമെന്ന നിബന്ധനയില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു. ചില കോളജുകൾ അദ്ധ്യാപികമാർക്ക് സാരി നിർബന്ധമാക്കിയത് ചർച്ചാവിഷയമായതിനെ തുടർന്നാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ്.

കാലത്തിന് യോജിക്കാത്ത പിടിവാശികൾ മാനേജ്‌മെന്റും സ്ഥാപനമേധാവികളും അടിച്ചേൽപ്പിക്കരുതെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപികമാർക്ക് ചുരിദാറോ മറ്റ് വസ്ത്രങ്ങളോ ധരിക്കാമെന്ന് വ്യക്തമാക്കി കേരള സർക്കാർ ഉത്തരവിറക്കിയിരുന്നു. 2008 ഫെബ്രുവരിയിലായിരുന്നു സർക്കാരിന്റെ ഉത്തരവ്. പിന്നീട് ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന പരാതി ഉയർന്നപ്പോൾ 2014ൽ പുതിയ സർക്കുലറും ഇറക്കിയിരുന്നു.

അദ്ധ്യാപകർക്ക് മേൽ യാതൊരു വിധ ഡ്രസ് കോഡും അടിച്ചേൽപ്പിക്കരുതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഉത്തരവും സർക്കുലറും. എന്നാൽ ഈ ഉത്തരവുകൾ ഇറങ്ങി വർഷങ്ങളായിട്ടും സാരി അടിച്ചേൽപ്പിക്കുന്ന സ്ഥാപനങ്ങളുണ്ടെന്ന പരാതി വ്യാപകമാണ്.

സ്വകാര്യ സ്‌കൂളുകളിൽ അദ്ധ്യാപകർക്ക് യൂണിഫോം പോലെ സാരി നിർബന്ധമാക്കുന്നതായി നേരത്തെ തന്നെ പരാതിയുള്ളതാണ്. കൊടുങ്ങല്ലൂരിലെ ഒരു കോളേജിനെതിരെ ഉയർന്ന പരാതിയിന്മേലാണ് ഇപ്പോൾ സർക്കാർ വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.