തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത് വിവാദമായതോടെ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സഹപ്രവർത്തകയുടെ മകന്റെ വിവാഹത്തിനാണ് താൻ പങ്കെടുത്തത്. വരൻ തന്റെ വിദ്യാർത്ഥിയാണ്. 20 വർഷമായി ആ കുടുംബത്തെ അറിയാം. പാർട്ടി കുടുംബമാണ്. ജാതിക്ക് അതീതമായി പ്രണയ വിവാഹിതരായവരാണ്. അത്തരം വിവാഹങ്ങളിൽ താൻ ഇനിയും പങ്കെടുക്കും. വധുവിന്റെ അമ്മ പ്രതിയായതുകൊണ്ട് വിവാഹത്തിൽ പങ്കെടുക്കാതിരിക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു.

ദീർഘകാല സുഹൃത്തായ ലതാ ചന്ദ്രന്റെ മകന്റെ വിവാഹത്തിലാണ് പങ്കെടുത്തതെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു. വിഷയത്തിൽ മാധ്യമങ്ങൾ നൈതികത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട മുരിയാട് ഒക്ടോബർ 24 നായിരുന്നു വിവാഹ ചടങ്ങ്. വരന്റെ വീട്ടുകാർ നടത്തിയ വിവാഹസത്കാര ചടങ്ങിൽ പങ്കെടുത്ത മന്ത്രി വധൂവരന്മാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ സംഭവം രാഷ്ട്രീയ വിവാദമായിരുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളായ അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതിനെപ്പറ്റിയാണ് മന്ത്രി വിശദീകരിച്ചത്. കരുവന്നൂർ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു അമ്പിളി മഹേഷ്. കേസിൽ അമ്പിളി മഹേഷ് ഉൾപ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതിയായ കിരണിനേയുമാണ് ഇനി പിടികൂടാനുള്ളത്. തട്ടിപ്പിൽ പങ്കുള്ള ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.

അമ്പിളി മഹേഷ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾ ഒളിവിലായിരുന്നു. ഇവരെ പൊലീസിന് പിടികൂടാൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് അമ്പിളി മഹേഷിന്റെ മകളുടെ വിവാഹം ഇരിങ്ങാലക്കുടയിൽ വിപുലമായ രീതിയിൽ നടന്നത്.

തട്ടിപ്പ് കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്ന് കോൺഗ്രസും ബിജെപിയും തുടക്കത്തിലേ ആരോപണം ഉന്നയിച്ചിരുന്നു. തട്ടിപ്പ് പണത്തിലെ വലിയൊരു പങ്ക് ഇരിങ്ങാലക്കുടയിൽ ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായും എതിർ പാർട്ടികൾ ആക്ഷേപം ഉയർത്തിയിരുന്നു. അമ്പിളി ഒളിവിലാണെന്നും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.