ന്യൂഡൽഹി: നിർമ്മാണ വസ്തുക്കളുടെ വില വർധനയെ തുടർന്ന് വീടുകളുടെയും ഫ്‌ളാറ്റുകളുടെയും വില ഉയരുമെന്ന് കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപേർസ് അസോസിയേഷൻ ഇന്ത്യ (ക്രഡായ്). സിമന്റിനും ഇരുമ്പിനുമെല്ലാം വില വർധിച്ച സാഹചര്യത്തിൽ പ്രോപ്പർട്ടിയുടെ മൂല്യം 10 മുതൽ 15 ശതമാനം വരെ ഉയരുമെന്നാണ് ക്രഡായി വ്യക്തമാക്കിയിരിക്കുന്നത്.

സിമന്റും സ്റ്റീലും അടക്കം അസംസ്‌കൃത് വസ്തുക്കളുടെ വില പിടിച്ചുനിർത്താൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ഇവർ ആവസ്യപ്പെട്ടു. 2020 ജനുവരി മുതൽ തുടർച്ചയായി വില ഉയരുന്ന സ്ഥിതിയാണെന്നും 13000 ത്തിലേറെ അംഗങ്ങളുള്ള ക്രഡായി വ്യക്തമാക്കി.

കോവിഡ് മൂലം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും കർഫ്യൂ ഏർപ്പെടുത്തിയതും തൊഴിലാളികളെ കിട്ടാതായതും നിർമ്മാണ ചെലവ് നേരത്തെ തന്നെ കൂട്ടിയിരുന്നു. ഇതിന് പുറമെയാണ് കഴിഞ്ഞ ഒന്നര വർഷമായുള്ള വില വർധനവിന്റെ ഭാരവും ഉപഭോക്താക്കൾക്ക് മേൽ വീഴുന്നത്.

ഇന്ധന വില ഉയരുമ്പോൾ അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്നത് പതിവാണ്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഇൻപുട് ടാക്‌സ് ക്രഡിറ്റ് അനുവദിക്കാൻ കേന്ദ്രം തയ്യാറാകണം. അല്ലെങ്കിൽ ജിഎസ്ടി കുറയ്ക്കണമെന്നും ക്രഡായി ആവശ്യപ്പെടുന്നു. കേന്ദ്രം ഇടപെട്ടില്ലെങ്കിൽ അധികം വൈകാതെ എല്ലാ സെക്ടറിലും നിർമ്മാണ വില ഉയരുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.