ഇടുക്കി: ബൈക്ക് അപകടത്തിൽ പെട്ട വിദ്യാർത്ഥി തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചെന്ന് ആരോപണം. ആലപ്പുഴ കായംകുളം സ്വദേശി എസ് ഉണ്ണിക്കുട്ടനാണ് മരിച്ചത്. യുവാവിന്റെ സഹപാഠികളാണ് ആശുപത്രിക്കെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ഇരുപത്തിയൊന്നുകാരനായ ഉണ്ണിക്കുട്ടനെ ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നത്. എന്നാൽ യുവാവിന് ചികിത്സ നൽകുന്നതിലടക്കം ആശുപത്രി അധികൃതർ വീഴ്‌ച്ച വരുത്തിയെന്നാണ് ആരോപണം. പ്രാഥമിക ചികിത്സയ്ക്കുൾപ്പടെ മൂന്നു മിനിറ്റ് മാത്രമാണ് എടുത്തതെന്നും സഹപാഠികൾ പറയുന്നു. തൊടുപുഴയിലെ സ്വകാര്യ പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഉണ്ണിക്കുട്ടൻ.