- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടപ്പു രോഗിയായ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന ഭർത്താവ് മരിച്ചു; റിമാൻഡിൽ കഴിഞ്ഞിരുന്ന രാമൻകുട്ടിയുടെ മരണം വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്: മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും
മോനിപ്പള്ളി: കിടപ്പുരോഗിയായ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഭർത്താവ് മരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു മരണം. ഉഴവൂർ പഞ്ചായത്ത് ചേറ്റുകുളം പുലിയന്മാനാൽ (ഉറുമ്പിൽ) ഭാരതിയെ (82) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് രാമൻകുട്ടി (82) ആണ് മരിച്ചത്. ഇന്നലെ 10.30ന് ആയിരുന്നു മരണം.
ഒക്ടോബർ നാലിനാണ് ഭാരതിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം രാമൻകുട്ടി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഭാര്യയുടെ അസുഖം കണ്ടു നിൽക്കാൻ സാധിക്കാത്തതിനാലാണ് കൊലനടത്തിയതെന്നാണ് രാമൻകുട്ടി പറഞ്ഞത്.
സംഭവദിവസം തന്നെ അറസ്റ്റിലായ രാമൻകുട്ടിയെ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. വീണ്ടും കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം എടുക്കാൻ ആരും എത്തിയില്ല. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന ഇദ്ദേഹത്തെ പിന്നീട് ചികിത്സാ സൗകര്യമുള്ള പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി.
ആരോഗ്യ നില വഷളായതിനെ തുടർന്ന് കഴിഞ്ഞ മാസം 22 ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ 10.30ന് മരിച്ചതായി രാമൻകുട്ടിയുടെ വീട്ടിലും കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലും വിവരം ലഭിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം പിന്നീട്.
മക്കൾ: രാജു, സോമൻ, നളിനി, സുശീല, ഗീത. മരുമക്കൾ: സുധ രാജു, ലത സോമൻ, ശശി കരിമ്പനാനിക്കൽ (ഇടുക്കി), രാജൻ പുത്തൻപുരയ്ക്കൽ (മോനിപ്പള്ളി), രാജു ചെറുകരോട്ട് (കുറവിലങ്ങാട്).
മറുനാടന് മലയാളി ബ്യൂറോ