- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെനാൽറ്റി ഷൂട്ടൗട്ടിൽ ജോർദ്ദാനെ തോൽപ്പിച്ച ഇറാനിയൻ ഗോൾ കീപ്പർ പുരുഷനാണോ ? ഏഷ്യൻ വനിത ഫുട്ബോളിനെ പിടിച്ചുകുലുക്കി പുതിയ വിവാദം; ഇറാന്റെ ഗോൾകീപ്പർ പുരുഷനാണെന്ന് തീർത്ത് പറഞ്ഞ് ജോർദ്ദാൻ
കളിക്കുള്ളിലൊരു കളിയുമായി എത്തിയതാണോ ഇറാൻ വനിതാ ഫുട്ബോൾ ടീം ? സംശയങ്ങൾ ഉയരുന്നത് അവരോട് പൊരുതിത്തോറ്റ ജോർദ്ദാൻ ടീമിന്റെ പരാതി കേൾക്കുമ്പോഴാണ്. വനിതാ ടീമിന്റെ ഗോളിയായി ഇറാൻ ടീമിലെത്തിയത് ഒരു പുരുഷനാണെന്നാണ് ജോർദ്ദാൻ ടീം പറയുന്നത്. ലിംഗ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് അവർ അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്.
സോഹ്രെ കൗഡൈ രണ്ട് പെനാൽറ്റികൾ അദ്ഭുതകരമായി തടഞ്ഞാണ് ഇറാന് വിജയം സമ്മാനിച്ചത്. 4-2 നായിരുന്നു ഉസ്ബക്കിസ്ഥാനിൽ നടന്ന കളിയിൽ ഇറാൻ ജോർദ്ദാനെ തോൽപിച്ചത്. സെപ്റ്റംബർ 25 ന് നടന്ന ഈ മത്സരത്തിലെ വിജയത്തോടെയാണ് ഇറാൻ വനിതാ ടീം വനിതകളുടെ ഏഷ്യാ കപ്പിൽ കളിക്കാൻ യോഗ്യത നേടിയത്. ഇതിനിടയിലാണ് ജോർദ്ദാൻ ഫുട്ബോൾ അസ്സോസിയേഷൻ പ്രസിഡണ്ട് അലി ബിൻ അൽ ഹ്സൈൻ രാജകുമാരൻ ഇറാൻ ഗോളിയുടെ ലിംഗ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ട്വീറ്ററിലൂടെ പുറത്തുവിട്ടത്.
എന്നാൽ, ഈ ആരോപണം നിഷേധിക്കുകയാണ് ഇറാൻ ടീം മാനേജർ. ധാരാളം ആരാധകരുണ്ടായിരുന്ന ജോർദ്ദാൻ ടീം വിജയിക്കും എന്നുതന്നെയായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവർക്കേറ്റ ദയനീയമായ പരാജയത്തിന്റെ നാണക്കേടിൽ നിന്നും രക്ഷനേടാനുള്ള ഒരു കുറുക്കുവഴി മാത്രമാണ് ഈ പരാതിയെന്നും ഇറാൻ ടീം മാനേജർ പറഞ്ഞു. എന്നാൽ ഇതിനെ കുറിച്ചൊന്നും പ്രതികരിക്കാൻ ഏഷ്യൻ ഫുട്ബോൾ അധികൃതർ തയ്യാറായില്ല.
ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നു എന്നോ നടക്കാൻ സാധ്യതയുണ്ടോ എന്നോ ഫുട്ബോൾ അസ്സോസിയേഷനും പറയുന്നില്ല. അതേസമയ ഫിഫയുടെ മുൻ വൈസ് പ്രസിഡണ്ട് കൂടിയായിരുന്ന അലി രാജകുമാരൻ പറഞ്ഞത് ഇത് സത്യമാണെങ്കിൽ തീർത്തും ഗുരുതരമായ ഒരു കുറ്റമാണെന്നായിരുന്നു. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ദേശീയ ടീമിലെ ഓരോ അംഗത്തേയും മെഡിക്കൽ ടീം വിശദമായി പരിശോധിച്ചിട്ടുണ്ട് എന്നാണ് ഇറാൻ ടീം മാനേജർ പറയുന്നത്. ഇതിൽ ഹോർമോൺ പരിശോധന വരെ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരമൊരു ആരോപണത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2008-ലും 2010-ലും കൊഡൈ ഇറാനെ പ്രതിനിധീകരിച്ച് ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ കളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഏത് അന്വേഷണമുണ്ടായാലും പൂർണ്ണമായും സഹകരിക്കുമെന്നും ഫുഡ്ബോൾ ഫെഡറേഷൻ ആവശ്യപ്പെടുന്ന ഏതൊരു രേഖയും കൈമാറുമെന്നും ടീം മാനേജർ പറഞ്ഞു.
നവംബർ 5 ന് എഴുതിയ കത്തിലാണ് ജോർദ്ദാൻ ഫുട്ബോൾ അസ്സോസിയേഷൻ ഇറാൻ ഗോളിയുടെ കാര്യത്തിൽ പരാതി ഉന്നയിച്ചിരിക്കുന്നത്. ഉത്തേജക മരുന്നും അതുപോലെ ലിംഗമാറ്റങ്ങളുമായി ബന്ധപ്പെട്ട ഒരു ചരിത്രം ഇറാൻ വനിതാ ടീമിനുണ്ടെന്നും കത്തിൽ പറയുന്നുണ്ട്. എന്നാൽ, ഇത് ജോർദ്ദാന്റെ പരാജയം മൂലമുണ്ടായ നിരാശാബോധത്തിൽ നിന്നും ഉയര്ന്നു വരുന്ന സാങ്കല്പിക കഥകളാണെന്നാണ് ഇറാൻ ആരാധകർ പറയുന്നത്.
പുരുഷന്മാരുടെ മത്സരങ്ങൾ കാണാൻ ഇസ്ലാമിക നിയമങ്ങൾ നിലനിൽക്കുന്ന ഇറാനിൽ സ്ത്രീകൾക്ക് വിലക്കുണ്ടെങ്കിലും ഇന്നും സ്ത്രീകൾക്കിടയിൽ ഏറെ ജനപ്രീതിയാർജ്ജിച്ച ഒരു കളിയാണ് ഫുട്ബോൾ. നേരത്തേയും പുരുഷന്മാരെ കളത്തിലിറക്കി എന്ന ആരോപണം ഇറാൻ വനിതാ ടീമിനെതിരെ ഉയർന്നിരുന്നു. 2015-ൽ ഇറാൻ ടീമിൽ ഉണ്ടായിരുന്നവരിൽ 8 പേരോളം ലിംഗമാറ്റശസ്ത്രക്രിയ കാത്തിരിക്കുന്ന പുരുഷന്മാരായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ