- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
69 വർഷക്കാലത്തെ ഭരണത്തിൽ ആദ്യമായി ചർച്ച് ഓഫ് ഇംഗ്ലണ്ട് സിനഡിൽ പങ്കെടുക്കാനാവാതെ എലിസബത്ത് രാജ്ഞി; മെത്രാന്മാരുടെ സമ്മേളനത്തിൽ സന്ദേശം വായിച്ചത് ഇളയമകൻ; ബ്രിട്ടീഷ് രാജ്ഞിയുടെ ആരോഗ്യനില ആശങ്കാജനകം
''സമയത്തിന്റെ ഗതിയെ നിയന്ത്രിക്കാൻ ആരെക്കൊണ്ടുമാകില്ല'' ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ദേശീയ അസംബ്ലിയിൽ ഇന്നലെ വായിച്ച എലിസബത്ത് രാജ്ഞിയുടെ സന്ദേശത്തിലെ വരികളാണിത്. കഴിഞ്ഞ 69 വർഷക്കാലത്തെ ഭരണത്തിനിടയിൽ ഇതാദ്യമായാണ് രാജ്ഞി ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുന്നത്. 95 കാരിയായ രാജ്ഞി ആരോഗ്യപരമായ കാരണങ്ങളാലാണ് സമ്മേളനത്തിൽ നിന്നും വിട്ടുനിന്നത്. പകരം രാജ്ഞിയുടെ സന്ദേശം ഇളയമകനായ ഏഡ്വേർഡ് രാജകുമാരൻ വായിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്‌ച്ചയിലെ ഓർമ്മദിനത്തിലെ പ്രത്യേക കുർബാന ചടങ്ങുകളിലും ഇത്തവണ രാജ്ഞിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. സിനഡിന്റെ ആസ്ഥാനത്ത് നേരിട്ടെത്തേണ്ടതായിരുന്നു രാജ്ഞി. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് പരിപാടി റദ്ദാക്കിയത്. ഒക്ടോബർ 20 ന് ചില പരിശോധനകൾക്കായി ലണ്ടൻ മേരില്ബോണീലെ എഡ്വേർഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. അന്ന് ഒരു ദിവസം ആശുപത്രിയിൽ ചെലവഴിച്ച ശേഷമായിരുന്നു രാജ്ഞി പുറത്തിറങ്ങിയത്. അന്നുമുതൽ പൂർണ്ണ വിശ്രമമാണ് രാജ്ഞിക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.
അതുകൊണ്ടു തന്നെ പരിസ്ഥിതി കാര്യങ്ങളിൽ ഏറെ താത്പര്യമെടുത്തിരുന്ന രാജ്ഞിക്ക് ഗ്ലാസ്ഗോയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ മെത്രാന്മാരുടെ സമ്മേളനത്തി ഇളയമകൻ എഡ്വേർഡ് രാജകുമാരൻ വായിച്ച രാജ്ഞിയുടെ സന്ദേശത്തിൽ കോവിഡ് കാലത്ത് സഭ നടത്തിയ പ്രവർത്തനങ്ങൾ എടുത്ത് പരാമർശിക്കുന്നുണ്ട്. ജനങ്ങൾക്ക് മനോബലവും ആത്മീയ ധൈര്യവും പകർന്ന് പ്രതിസന്ധി നേരിടാൻ പാകമാക്കിയ സഭയുടെ നടപടികളെ രാജ്ഞി അഭിനന്ദിച്ചു.
''സമയത്തിന്റെ ഗതി മാറ്റുവാൻ നമുക്കാർക്കും കഴിയില്ല, കഴിഞ്ഞ കാലങ്ങളിൽ വന്ന മാറ്റങ്ങളിൽ നമ്മൾ കൂടുതൽ ശ്രദ്ധ ചെലുത്തുമ്പോൾ അറിയുക, ഇനിയും ധാരാളം കാര്യങ്ങൾ മാറ്റമില്ലാതെ തുടരുന്നുണ്ട്. അതിലൊന്നാണ് കൃസ്തുവിന്റെ ഉദ്ബോധനങ്ങൾ.'' രാജ്ഞി തന്റെ സന്ദേശത്തിൽ പറഞ്ഞു. അതുപോലെ ഭാവി കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുമ്പോൾ എല്ലാവശങ്ങളും ആലോചിക്കേണ്ടുന്ന ആവശ്യകതയും അവർ സഭയെ ഓർമ്മിപ്പിച്ചു.
ബ്രിട്ടീഷ് രാജ്ഞി എന്നും സഭയ്ക്ക് വേണ്ടപ്പെട്ടയാളാണെന്ന് പറഞ്ഞ് കന്റൻബറി ആർച്ച് ബിഷപ്പ്, അവർ സഭയ്ക്കായി ചെയ്ത സേവനങ്ങളും എടുത്തുപറഞ്ഞു. ഈ ആധുനിക ലോകത്ത് രാജ്യത്തിന്റെ ക്ഷേമം നിലനിൽക്കുന്നത് വൈവിധ്യമാർന്ന വിശ്വാസങ്ങളിൽ ജീവിക്കുന്നവരുടെ കൂട്ടായ പരിശ്രമം മൂലമാണെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ്, കോവിഡ് കാലത്ത് വിവിധ വിശ്വാസ ധാരകൾ ജനങ്ങൾക്ക് മനോവീര്യം പകർന്ന് പ്രതിസന്ധിയെ നേരിടാൻ സഹായിച്ച കാര്യം എടുത്തുപറഞ്ഞു.
ചർച്ച ഓഫ് ഇംഗ്ലണ്ടിന്റെ ഭരണകാര്യങ്ങൾ തീരുമാനിക്കുകയും നിയമനിർമ്മാണം നടത്തുകയും ചെയ്യുന്ന പരമോന്നത സമ്മേളനമാണ് ജനറൽ സിനഡ് എന്നറിയപ്പെടുന്ന ഈ ദേശീയ അസംബ്ലി. 2020 ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം പേർ പങ്കെടുത്ത ഒരു സിനഡ് നടക്കുന്നത്. കഴിഞ്ഞ ശരത്ക്കാലത്തായിരുന്നു സഭയുടെ പതിനൊന്നാം സിനഡിനെ തെരഞ്ഞെടുത്തത്. വർഷത്തിൽ രണ്ടോ മൂന്നോ തവണ സാധാരണയായി സിനഡ് കൂടാറുണ്ട്.