- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൃശ്യ തീ കൊളുത്തിയ ശേഷം കിണറ്റിൽ ചാടിയതാകാമെന്ന് പൊലീസ്; ഏലപ്പാറ സ്വദേശിനിയെ അയൽപക്കത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത: ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നതായി പരാതി
പാലാ: യുവതിയെ അയൽപക്കത്തെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. തോടനാൽ ഇലവനാൽതൊടുകയിൽ രാജേഷിന്റെ ഭാര്യ ദൃശ്യ (28) ആണ് കിണറ്റിൽ ചാടി മരിച്ചത്. ദൃശ്യയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. ഇവർ തീ കൊളുത്തിയശേഷം കിണറ്റിൽ ചാടുകയായിരുന്നെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
അതേസമയം ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യമാണ് മരണത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. നാസു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കുട്ടികളില്ല. സമൂഹമാധ്യമങ്ങൾ അമിതമായി ഉപയോഗിക്കുന്നതു ഭർത്താവിന്റെ വീട്ടുകാർ ചോദ്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇതേ ചൊല്ലി വീട്ടിൽ വഴക്കുണ്ടായതായും ഭർതൃവീട്ടുകാരുടെ ആവശ്യപ്രകാരം ദൃശ്യയുടെ ബന്ധുക്കൾ വീട്ടിലെത്തി ഇതേ പറ്റി സംസാരിച്ചതായും പറയുന്നു.
ഏലപ്പാറ ചിന്നാർ സ്വദേശിയാണ് ദൃശ്യ. കഴിഞ്ഞയാഴ്ച ചിന്നാറിലെ വീട്ടിൽ പോയിരുന്നു. തിരികെ വരുമ്പോൾ ബന്ധുക്കളെ കൂട്ടണമെന്നു ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. തിങ്കളാഴ്ച ദൃശ്യ തനിച്ചാണ് തിരികെ എത്തിയത്. ഭർത്താവിന്റെ വീട്ടുകാർ ദൃശ്യയുടെ കുടുംബാംഗങ്ങളെ അന്നു തന്നെ വിളിച്ചുവരുത്തിയിരുന്നു. ഇരുവീട്ടുകാരും തമ്മിൽ ചർച്ച നടത്തിയാണ് ബന്ധുക്കൾ മടങ്ങിയത്. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
ബന്ധുക്കൾ മടങ്ങിയതിന് പിന്നാലെ അയൽവീട്ടിലെ ഗൃഹനാഥനു ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് രാജേഷിന്റെ പിതാവ് അവിടെ പോയി. 2.30നു തിരികെ വരുമ്പോഴാണ് ദൃശ്യയെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്നു പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ അയൽവാസിയുടെ പുരയിടത്തിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കിണറിനു സമീപത്തു നിന്നു ടോർച്ച് കണ്ടെത്തി. പൊലീസും അഗ്‌നിരക്ഷാ സേനയും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ഫൊറൻസിക്, വിരലടയാള വിദഗ്ധരും തഹസിൽദാർ എസ്. ശ്രീജിത്തും സ്ഥലത്തെത്തി. മൃതദേഹത്തിൽ പൊള്ളലേറ്റ പാടുണ്ട്. മൃതദേഹം ഇന്ന് ഏലപ്പാറ ചിന്നാറിലെത്തിച്ച് സംസ്‌കരിക്കും.
അതേസമയം ദൃശ്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ും ഒരിക്കലും ദൃശ്യ ആത്മഹത്യ ചെയ്യില്ലെന്നും സഹോദരൻ ചിന്നാർ എസ്റ്റേറ്റിലെ മണി പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് താനും അമ്മയും ദൃശ്യയെ പാലായിലെ വീട്ടിലാക്കി ഏലപ്പാറയ്ക്കു പോന്നത്. ഏലപ്പാറയിലെത്തി ഒരു മണിക്കൂർ കഴിഞ്ഞ് 4 മണിയോടെ പാലായിൽ നിന്ന് ദൃശ്യയുടെ ഭർത്താവിന്റെ സഹോദരനാണ് ഫോൺ വിളിച്ച് ദൃശ്യയെ കാണാനില്ലെന്നു പറഞ്ഞത്. ഏഴുമണിയോടെ പാലയിലെത്തുമ്പോൾ, ദൃശ്യയെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തി എന്നാണ് ഇവർ പറഞ്ഞത്.
ഉച്ചവരെ വിഷമങ്ങളൊന്നും ഇല്ലാതിരുന്ന ദൃശ്യ 2 മണിക്കൂറിനുള്ളിൽ ആത്മഹത്യ ചെയ്തു എന്നു കരുതുന്നില്ല. മദ്യപന്മാരായ ഭർത്താവും ഭർത്താവിന്റെ അച്ഛനും ദൃശ്യയെ ഉപദ്രവിക്കാറുണ്ടെന്നും മണി ആരോപിച്ചു. പാലാ പൊലീസിൽ പരാതി നൽകി.
മറുനാടന് മലയാളി ബ്യൂറോ