രാജ്യത്ത് കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങളും, നിർദ്ദേശങ്ങളും പുറത്തിറക്കി. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. പബ്ബുകൾ, രാത്രി ബാറുകൾ, നിശാക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തന സമയം കുറച്ചതിനൊപ്പം വർക്ക് ഫ്രം ഹോം ഉൾപ്പടെയുള്ള നിയന്ത്രണങ്ങളുമാണ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ പ്രഖ്യാപിച്ചത്.

പബ്ബുകൾ, രാത്രി ബാറുകൾ, നിശാക്ലബ്ബുകൾ എന്നിവ അർദ്ധരാത്രിയോടെ അടയ്ക്കണ്ടേതായി വരും.ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് അപ്പുറം ഹെയർഡ്രെസ്സർമാർ, ബാർബർമാർ, ജിമ്മുകൾ തുടങ്ങിയ മേഖലകളിലേക്കും കോവിഡ് പാസ് വ്യാപിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അത്തരമൊരു തീരുമാനം സർക്കാർ കൈക്കൊണ്ടില്ല. എന്നാൽ നാടക തിയറ്ററുകൾ, സിനിമാഹാളുകൾ എന്നിവിടങ്ങളിലെ പ്രവേശനത്തിന് ഇനി കോവിഡ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്.

വെള്ളിയാഴ്ച മുതൽ ഔദ്യോഗികമായി വർക്ക് ഫ്രം ഹോം നിർദ്ദേശം നൽകാനും ധാരണയായിട്ടുണ്ട്.ഐസൊലേഷൻ നടപടികൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി ഇനിമുതൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം ഒരേ വീട്ടിൽ കഴിഞ്ഞവർ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് പുറംയാത്രകളും, സമ്പർക്കങ്ങളും ഒഴിവാക്കണം.കോവിഡ് സ്ഥിരീകരിച്ചവർ 10 ദിവസം സ്വയം ഐസൊലേറ്റ് ചെയ്യുകയും വേണം.