- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 വയസ്സിനു മുകളിലുള്ള വിദ്യാർത്ഥികൾക്കും ജോലി; ജോലിസമയം തിരഞ്ഞെടുക്കാൻ അനുമതി; പ്രവാസികൾക്ക് ശമ്പളത്തോടെയുള്ള അവധി; യുഎഇയിലെ പുതിയ തൊഴിൽ നിയമങ്ങൾ ഇങ്ങനെ
2022 ഫെബ്രുവരി രണ്ട് മുതൽ യുഎഇയിൽ പ്രാബല്യത്തിൽ വരുന്ന പുതിയ തൊഴിൽ നിയമത്തിന്റ വിശദാംശങ്ങൾ പുറത്ത് വന്നു.വേതനത്തിൽ സ്ത്രീ, പുരുഷ സമത്വം ഉറപ്പാക്കുന്നതുൾപ്പെടെ തൊഴിലാളികളുടെ സമഗ്ര ക്ഷേമം ലക്ഷ്യമാക്കിയുള്ള പുതിയ തൊഴിൽ നിയമത്തിൽ ഒട്ടേറെ സവിശേഷതകൾ ഉള്ളതാണ് 2 വർഷത്തെ തൊഴിൽ കരാർ കാലാവധി 3 വർഷമാക്കി. അനുയോജ്യ ജോലി സമയം തിരഞ്ഞെടുക്കാനും അനുമതിയുണ്ട്.വ്യത്യസ്ത കഴിവുകളുള്ളവർക്ക് ദിവസ, മണിക്കൂർ അടിസ്ഥാനത്തിൽ പ്രത്യേക കരാറുണ്ടാക്കി ഒന്നിലേറെ കമ്പനിയിൽ പാർട് ടൈം ജോലി ചെയ്യാമെന്നതാണ് മറ്റൊരു ആകർഷണം.
15 വയസ്സിനു മുകളിലുള്ള വിദ്യാർത്ഥികൾക്കും ജോലി ചെയ്യാം. ഒരു മണിക്കൂർ ഇടവേള ഉൾപ്പെടെ ആറ് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കാൻ പാടില്ല. കൗമാരക്കാരുടെ ശാരീരിക, മാനസിക ആരോഗ്യത്തെ ബാധിക്കുംവിധം വൈകിട്ട് 7 മുതൽ രാവിലെ 7 വരെയുള്ള ഷിഫ്റ്റുകളിലും ജോലി ചെയ്യിക്കരുത്. രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതവും മെഡിക്കൽ ഫിറ്റ്‌നസ് റിപ്പോർട്ടും നിർബന്ധം.
ഫ്രീലാൻസ്, ഹ്രസ്വകാല ജോലി, സ്വയംതൊഴിൽ തുടങ്ങിയ മാതൃകകൾക്കും അംഗീകാരമുണ്ട്. സുവർണ ജൂബിലി നിറവിൽ അടുത്ത 50 വർഷത്തെ പദ്ധതികൾക്കു രൂപം നൽകുന്ന യുഎഇ കൂടുതൽ തൊഴിൽ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം.
ആഴ്ചയിൽ 40 മണിക്കൂർ ജോലിക്കു പകരം ആവശ്യമെങ്കിൽ അവ കുറഞ്ഞത് 3 ദിവസംകൊണ്ട് പൂർത്തിയാക്കാം. അതുപോലെ 2 പേർ ചേർന്ന് ഒരാളുടെ ജോലി ചെയ്യാനും വേതനം പങ്കിട്ടെടുക്കാനും പുതിയ നിയമത്തിൽ അനുമതിയുണ്ട്. എന്നാൽ കമ്പനിയുമായി ഇതിനു പ്രത്യേക കരാർ ഉണ്ടാക്കണം.
വാരാന്ത്യ അവധിക്കു പുറമെ അടുത്ത ബന്ധുക്കൾ മരിച്ചാൽ 3 ദിവസം വരെ അവധി നൽകണമെന്നും നിഷ്‌കർഷിക്കുന്നു. യുഎഇയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർന്നിട്ടുണ്ടെങ്കിൽ വർഷത്തിലൊരിക്കൽ 10 ദിവസത്തെ പഠന അവധിക്കും അർഹതയുണ്ട്.
പ്രസവാവധി 60 ദിവസമാക്കി വർധിപ്പിക്കാം. 45 ദിവസം മുഴുവൻ വേതനവും 15 ദിവസം പകുതി വേതനവും നൽകണം. തക്ക കാരണമുണ്ടെങ്കിൽ ശമ്പളമില്ലാത്ത 45 ദിവസം കൂടി അവധി എടുക്കാം. കുട്ടികളുടെ ചികിത്സാർഥം 30 ദിവസം ശമ്പളത്തോടുകൂടിയും 30 ദിവസം ശമ്പളമില്ലാത്ത അവധിയും ലഭിക്കും.
തൊഴിലാളികൾക്കിടയിൽ ജാതി, മത, വർണ, ലിംഗ വിവേചനങ്ങളും നിരോധിച്ചിട്ടുണ്ട്. ഇടവേളയില്ലാതെ (ഒരു മണിക്കൂർ) തുടർച്ചയായി അഞ്ച് മണിക്കൂർ ജോലിയെടുപ്പിക്കരുത്.ഒരു ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം നൽകരുത്.അടിയന്തര ഘട്ടങ്ങളിൽ 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം നൽകിയാൽ 25%, രാത്രി 10പുലർച്ചെ 4 സമയത്തിനിടയിലെ ജോലിക്കും അവധി ദിവസത്തെ ജോലിക്കും 50%വും അധിക വേതനം നൽകണം.പാർട്ട് ടൈം, താൽകാലിക ജോലികൾ ഉൾപ്പെടെ വിവിധ തൊഴിൽ മാതൃകകളും സ്വീകരിക്കാം.