ഡാളസ് : ഫ്ളു സീസൺ ആരംഭിച്ചതിനുശേഷം ഡാളസ് കൗണ്ടിയിലെ ആദ്യ മരണം റിപ്പോർട്ടു ചെയ്യപ്പെട്ടതായി ആരോഗ്യ വകുപ്പു അധികൃതർ അറിയിച്ചു.

46 വയസ്സുള്ള ഒരു മദ്ധ്യവയ്സ്‌ക്കനാണ് മരിച്ചതെന്ന് അധികൃതർ പറഞ്ഞു. മരിച്ച വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ നൽകാനാവില്ലെന്നും അധികൃതർ അറിയിച്ചു. ഡാളസ് കൗണ്ടിയിലെ എല്ലാവരും എത്രയും വേഗം ഫ്ളൂ വാക്സിൻ എടുക്കണമെന്ന് ഡാളസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൺ സർവീസ് ഡയറക്ടർ ഡോ.ഫിലിഫ് ഹുവാംഗ് ആവശ്യപ്പെട്ടു. കോവിഡ് വൈറസ് പോലെ തന്നെ ഇൻഫ്ളുവൻസാ വൈറസിനേയും ഗൗരവമായി കാണണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

കോവിഡ് വാക്സിനോടൊപ്പമോ, ബൂസ്റ്റർ ഡോസിനോടൊപ്പമോ ഫ്ളു വാക്സിൻ എടുക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഫ്ളൂ രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതിന് മാസ്‌ക് ധരിച്ചതായിരിക്കാം ഇതിന് കാരണമെന്നും, മാത്രമല്ല കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് ജനം തയ്യാറായിരുന്നുവെന്നതും ഫ്ളൂ പടർന്നു പിടിക്കുന്നത് തടഞ്ഞുവെന്നും ആരോഗ്യവകുപ്പ് വെളിപ്പെടുത്തി. ഈ വർഷം കോവിഡ് പ്രോട്ടോകോൾ നിലവില്ലാത്തതിനാൽ ഫ്ളൂ വ്യാപനം വർദ്ധിക്കുവാൻ ഇടയുണ്ടെന്നും അധികൃതർ പറഞ്ഞു.