കോഴിക്കോട് : നെഹ്‌റു അനുസ്മരണമെന്ന പേരിൽ കോഴിക്കോട്ട് സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച കോൺഗ്രസ് ഗ്രൂപ്പ് യോഗത്തിനിടയിൽ മാധ്യമപ്രവർത്തകരെ മർദിച്ച സംഭവത്തിൽ പാർട്ടി നിയോഗിച്ച അന്വേഷണക്കമ്മിഷൻ ഡിസിസി പ്രസിഡന്റിന് റിപ്പോർട്ട് കൈമാറി.

സംഭവത്തിൽ പാർട്ടി പ്രവർത്തകർക്ക് വീഴ്ച പറ്റിയെന്നാണ് റിപ്പാർട്ടിലുള്ളതെന്നാണ് അറിയുന്നത്. ചിലർ മാധ്യമ പ്രവർത്തകരോട് മോശമായി പെരുമാറിയതായും ഉചിതമായ അച്ചടക്ക നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്. ആക്രമത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേർക്കെതിരെ നടപടിയുണ്ടാകും. സി വി കുഞ്ഞികൃഷ്ണൻ, ജോൺ പൂതക്കുഴി എന്നിവരാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.

കമ്മീഷൻ പരിക്കേറ്റ മാധ്യമ പ്രവർത്തകരിൽ നിന്നും സംഭവ സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരിൽ നിന്നും മൊഴിയെടുത്തിരുന്നു.കഴിഞ്ഞ ശനിയാഴ്ച കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖിനെ അനുകൂലിക്കുന്ന എ ഗ്രൂപ്പിലെ വിഭാഗം നടത്തിയ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയവർക്കാണ് മർദ്ദനമേറ്റത്. വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ വരെ മോശം പരാമർശവുമായി പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തു. മുൻ ഡിസിസി പ്രസിഡന്റ് യു.രാജീവൻ അടക്കം 20 കോൺഗ്രസ് നേതാക്കൾക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. ഇവരെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല.