പ്ര വിൻഫ്രിയുടെ വിവാദ അഭിമുഖത്തിനു ശേഷം മേഗൻ മെർക്കൽ വീണ്ടും മറ്റൊരു ടെലിവിഷൻ അഭിമുഖത്തിനെത്തുമ്പോൾ ബ്രിട്ടൻ ആശങ്കയോടെ കാത്തിരിക്കുകയാണ്. ഇന്ന് എലൻ ഷോയിൽ എത്തുന്ന മെഗൻ വീണ്ടും ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ചെളിവാരി എറിയുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രക്ഷേപണത്തിനു മുൻപായി ഇറക്കിയ പ്രചാരണ ക്ലിപ്പിൽ മേഗൻ പറയുന്നത് ഒരു നടിയാകാൻ കഷ്ടപ്പെടേണ്ടി വന്ന കഥകളാണ്.

ഏകദേശം 1,991 പൗണ്ട് വിലയുള്ള ഓസ്‌കാർ ഡി ലാ റെന്റാ ബ്ലൗസും കറുത്ത ട്രൗസറുകളും ധരിച്ച് അഭിമുഖത്തിനെത്തിയ മേഗൻ , മുൻ ഡോർ തകർന്ന സെക്കന്റ് ഹാൻഡ് കാറിൽ ഓഡിഷനു പോയ കഥകളൊക്കെയാണ് പ്രചാരണ ക്ലിപ്പിൽ വിശദീകരിക്കുന്നത്. ബ്രിട്ടനിൽ നിന്നും അധികാരമൊഴിഞ്ഞ് അമേരിക്കയിൽ എത്തിയപ്പോൾ ഹാരിയും മേഗനും ആദ്യ അഭിമുഖം എലനായിരിക്കും നൽകുക എന്നതായിരുന്നു പൊതുവേ ചിന്തിച്ചിരുന്നത്. എന്നാൽ, ആദ്യ അഭിമുഖം അവർ ഓപ്ര വിൻഫ്രിക്കായിരുന്നു നൽകിയത്.

നേരത്തേ നടത്തിയ അഭിമുഖത്തിൽ ആർച്ചിക്കെതിരെ ഒരു രാജകുടുംബാംഗം വംശീയ വിവേചനപരമായ അഭിപ്രായപ്രകടനം നടത്തിയെന്നും, മാനസിക വിഷമം അനുഭവിക്കുന്ന വേളയിൽ കൗൺസിലർമാരെ കാണുവാൻ തന്നെ അനുവദിച്ചില്ലെന്നുമൊക്കെയുള്ള ആരോപണം മേഗൻ ഉന്നയിച്ചിരുന്നു. എന്നാൽ, ഇക്കാര്യമെല്ലാം കൊട്ടാരം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, രണ്ടാമത്തെ അഭിമുഖത്തിന്റെ പുറത്ത് ലഭ്യമായ ക്ലിപ്പുകൾ അനുസരിച്ച് ഇതിൽ ഏറെയും തന്റെ ആദ്യകാല ദുരിതങ്ങളെ കുറിച്ചാണ് മേഗൻ പറയുന്നത്.

4.99 പൗണ്ടിന്റെ സലാഡ് ബാറിൽ വളർന്നതും, ദാരിദ്ര്യവും, നടിയാകണമെന്ന ആഗ്രഹവും പേറി നടന്നതും മുതൽ അടുത്തിടെ പ്രസവസമയത്ത് മാതാപിതാക്കൾക്ക് ലീവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന് കത്തെഴുതിയതുവരെയുള്ള കാര്യങ്ങളായിരിക്കും അതിലെന്നാണ് കരുതുന്നത്. അതേസമയം, മേഗന്റെ ദുരിതകഥകൾ വിശ്വസനീയമല്ല എന്നാണ് രാജകുടുംബത്തിന്റെ ആരാധകർ പറയുന്നത്. അവരെ അവരുടെ പിതാവ് കിന്റർഗർട്ടൻ മുതൽ സ്വകാര്യ സ്‌കൂളിൽ തന്നെയാണ് പഠിപ്പിച്ചത്. അതീവ ദാരിദ്യമുള്ള ഒരാൾക്ക് ഇതെങ്ങനെ സാധ്യമാകും എന്നാണ് അവർ ചോദിക്കുന്നത്.

ഇളയകൾ ലിലിബെറ്റിന് പല്ലുകൾ മുളയ്ക്കുന്നതെപ്പോൾ എന്നാണ് ഇപ്പോൾ തന്നെ ഏറ്റവുമധികം അലട്ടുന്ന കാര്യം എന്നും അഭിമുഖത്തിൽ മേഗൻ പറയുന്നുണ്ട്. മേഗന്റെ അടുത്ത സുഹൃത്തുകൂടിയാണ് അവതാരകയായ് എലൻ.2019-ൽ ബ്രിട്ടൻ സന്ദർശിച്ച സമയത്ത് ആർച്ചിക്കൊപ്പം കുറച്ചു സമയം ചെലവഴിച്ച കാര്യം അഭിമുഖത്തിനിടയിൽ എലൻ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ മേഗന്റെ അയൽവാസി കൂടിയായ എലൻ ലിലിബെറ്റിനെ നേരിട്ട് കണ്ടിട്ടുണ്ടൊ എന്നകാര്യം വ്യക്തമാക്കുന്നില്ല.