കൊച്ചി: വാഹനാപകടത്തിൽ മോഡലുകളും സുഹൃത്തും മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരുടെ നിർണായക വെളിപ്പെടുത്തലിലൂടെ തെളിയുന്നത് വൻ ഗൂഢാലോചന. മോഡലുകൾ ഹോട്ടലിലെ ഡി.ജെ. പാർട്ടിയിൽ പങ്കെടുത്ത ദിവസത്തെ സി.സി. ടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് കായലിലെറിഞ്ഞെന്ന് മൊഴിയോടെ നിർണ്ണായക തെളിവുകൾ ക്ടിട്ടില്ലെന്ന് ഉറപ്പായി. ഹോട്ടൽ ഉടമയായ റോയി ജോസഫ് വയലാട്ടിന്റെ നിർദ്ദേശപ്രകാരമാണ് ഇതു ചെയ്തതെന്നും ജീവനക്കാർ മൊഴി നൽകി.

നേരത്തേ സംഭവത്തിൽ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനേയും അഞ്ചു ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തരുന്നു. ഡി.ജെ. പാർട്ടിയുടെ ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്‌ക്ക് നശിപ്പിച്ച കേസിലാണ് നടപടി. മെൽവിൻ, വിഷ്ണു, ലിൻസൻ, ഷിജു ലാൽ, അനിൽ എന്നിവരാണു ജീവനക്കാർ. തെളിവു നശിപ്പിച്ച വകുപ്പു ചുമത്തിയാണു കേസ്. രണ്ടു ജീവനക്കാരെ ഹാർഡ് ഡിസ്‌ക് ഉപേക്ഷിച്ചെന്നു സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തിൽ എത്തിച്ചു തെളിവെടുത്തിരുന്നു. എന്നാൽ ഈ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. സിസിടിവി പരിശോധനയിലൂടെ തേവര പാലത്തിൽ ഇവർ എത്തിയോ എന്ന് മനസ്സിലാക്കാം. എന്നാൽ ഇതിന് പൊലീസ് മുതിരുന്നില്ല.

ജീവനക്കാരുടെ മൊഴി വിശ്വസിച്ചുള്ള അന്വേഷണമാണ് ഈ ഘട്ടത്തിലും നടക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കായലിൽ എറിയാൻ പോയ വഴിയിലെ സിസിടിവി പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഇതിന് പൊലീസ് തയ്യാറാകുന്നില്ലെന്ന വിമർശനം ശക്തമാണ്. വെറുമൊരു എക്‌സൈസ് ഭയമായി ഈ ദൃശ്യം നശിപ്പിക്കലിനെ മാറ്റാനാണ് നീക്കം. ദൃശ്യങ്ങൾ നശിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്നും ഹോട്ടൽ ഉടമയ്ക്കെതിരേ അന്വേഷണം വേണമെന്നും മരിച്ച അൻസി കബീറിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു പരാതി നൽകിയതിനു പിന്നാലെയാണു അറസ്റ്റ് നടന്നത്. കേസിൽ എല്ലാ പ്രധാന തെളിവും ഹോട്ടലുടമ നശിപ്പിച്ചു കഴിഞ്ഞു.

ഹാർഡ്ഡിസ്‌ക് നശിപ്പിച്ചെന്നതാണ് ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും എതിരായ കേസ്. തെളിവ് നശിപ്പിച്ചെന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. റോയ് ജോസഫിനെ കഴിഞ്ഞദിവസം 11 മണിക്കൂർ ചോദ്യംചെയ്തിരുന്നു. റോയ് ഹാജരാക്കിയ ഡിജിറ്റൽ വീഡിയോ റെക്കോഡറിൽ (ഡി.വി.ആർ) കൃത്രിമത്വം നടന്നതായി പൊലീസ് കണ്ടെത്തി. ഹാർഡ്ഡിസ്‌ക് നശിപ്പിച്ചതു റോയിയുടെ നിർദ്ദേശപ്രകാരമാണെന്നു ജീവനക്കാർ മൊഴിനൽകി. യുവതികൾ സഞ്ചരിച്ച കാറിനെ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചൻ പിന്തുടർന്നിരുന്നു. ഇയാളാണു പാലാരിവട്ടം ബൈപാസിനു സമീപം നടന്ന അപകടം റോയിയെ അറിയിച്ചത്. തുടർന്ന് സൈജു ഇടപ്പള്ളിവരെ പോയശേഷം തിരിച്ചുവന്നതിലും ദുരൂഹതയുണ്ട്. സൈജു ഓടിച്ച ഔഡി കാർ പിന്തുടർന്നതിന്റെ പരിഭ്രാന്തിയിലാണ് അപകമുണ്ടായത്.

ഹോട്ടലിൽ വച്ച് മോഡലുകളും ചിലരുമായി തർക്കം നടന്നു. ഇതിന് പിന്നാലെ അവർ ഹോട്ടൽ വിട്ടു. അനുനയത്തിൽ അവരെ തിരിച്ചെത്തിക്കുകയെന്ന ദൗത്യമായിരുന്നു സൈജുവിന്. എന്നാൽ മോഡലുകൾ വഴങ്ങിയില്ല. ഇതോടെ ഭീതിപ്പെടുത്തുന്ന രീതിയിൽ ചെയ്‌സിങ് നടന്നു. അതിനിടെ മോഡലുകളുടെ കാർ ഓട്ടിച്ചിരുന്ന ഡ്രൈവറെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനും ശ്രമം സജീവമാണ്. അപകടത്തിൽ ദുരൂഹതയില്ലെന്നു പൊലീസ് ഇന്നലെ രാവിലെ വ്യക്തമാക്കിയെങ്കിലും അൻസിയുടെ ബന്ധുക്കളും കോൺഗ്രസും ആരോപണമുന്നയിച്ചതോടെയാണ് ഹോട്ടൽ ഉടമയുടെ അറസ്റ്റുണ്ടായത്.

പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സംഭവത്തിൽ വിശദമായ അന്വേഷണമാവശ്യപ്പെട്ടിരുന്നു. മൊഴിയെടുക്കാൻ രണ്ടുതവണ വിളിച്ചിട്ടും ആദ്യം റോയ് ഹാജരായിരുന്നില്ല. പിന്നീട് നോട്ടീസ് നൽകി വിളിപ്പിക്കുകയായിരുന്നു. റോയിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഹോട്ടലിൽ മദ്യം വിളമ്പിയത് എക്‌സൈസ് പടിക്കുമെന്ന ഭയത്തിലാണ് സിസിടിവി നശിപ്പിച്ചതെന്നാണ് റോയിയുടെ വാദം. കസ്റ്റഡിയിൽ എടുക്കാതെ റോയിയെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തതും വിവാദമായിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റുണ്ടായത്.