- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിനെടുക്കാത്തവരെ വീട്ടിലിരുത്തുന്ന പരിപാടി കൂടുതൽ രാജ്യങ്ങളിലേക്ക്; ഏറ്റവും ഒടുവിൽ വാക്സിനെടുക്കാത്തവർക്ക് മാത്രം ലോക്ക്ഡൗൺ ഏർപ്പെടുത്തി ചെക്കും; ബ്രിട്ടന്റെ മുൻപിൽ അടുത്ത പടിയും ഇതുതന്നെ എന്ന് റിപ്പോർട്ടുകൾ

കോവിഡ് എന്ന മഹാമാരി ഭൂമിയിലെ മനുഷ്യകുലത്തിന് വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് കണക്കില്ല. വെറുമൊരു ആരോഗ്യ പ്രശ്നം മാത്രമായിരുന്നില്ല അത്. മാനസിക, ശാരീരിക പ്രശ്നങ്ങൾ മുതൽ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മെഖലകളിൽ വരെ മനുഷ്യർക്ക് ഏറെ തിരിച്ചടിയാണ് ഈ കുഞ്ഞൻ വൈറസ് സമ്മാനിക്കുന്നത്. ഇതിനെ പൂർണ്ണമായി തടയാനുള്ള വഴിയൊന്നും ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ലെങ്കിലും, ഈ പ്രതിസന്ധിയിൽ നിന്നും ഇപ്പോൾ മറികടക്കുവാൻ നമ്മളെ സഹായിക്കാനുള്ളത് കോവിഡ് പ്രതിരോധ വാക്സിൻ മാത്രമാണ്.
രോഗം ഗുരുതരമാകാതെ കാക്കാനും, മരണനിരക്ക് കൂട്ടാതെ നോക്കാനും വക്സിന് കഴിയൂന്നു എന്നത് യാഥാർത്ഥ്യ ജീവിതത്തിലെ കണക്കുകളിൽ നിന്നും വ്യക്തമാകുന്ന കാര്യമാണ്. എന്നിട്ടും മതവിശ്വാസത്തിന്റെയും മറ്റ് തെറ്റിദ്ധാരണകളുടെയും പേരിൽ വാക്സിൻ എടുക്കാതെ മാറിനിൽക്കുന്നവർ മനുഷ്യകുലത്തോട് ചെയ്യുന്നത് കടുത്ത ദ്രോഹമാണെന്നതിന് ഒരു സംശയവുമില്ല. അതുകൊണ്ടു തന്നെയാണ് യൂറോപ്പിൽ വീണ്ടും രോഗവ്യാപനം കടുക്കാൻ തുടങ്ങിയപ്പോൾ, വാക്സിൻ എടുക്കാത്തവർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പല യൂറോപ്യൻ രാജ്യങ്ങളും മുന്നോട്ടുവന്നത്.
പല രാജ്യങ്ങളിലും പൊതുയിടങ്ങളിലും ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങളിലും, സിനിമാ ഹോളുകളിലും മറ്റും പ്രവേശിക്കുന്നതിന് കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കിയപ്പോൾ ചെക്ക് റിപ്പബ്ലിക്ക് വാക്സിൻ എടുക്കാത്തവർക്ക് മാത്രമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി ഒരുപടി കൂടി മുന്നോട്ട് പോയിരിക്കുകയാണ്. വാക്സിൻ എടുക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശനം നിഷേധിക്കുന്ന ഈ തീരുമാനത്തിനെതിരെ പ്രേഗിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്.
പുതിയ നിയമമനുസരിച്ച് വാക്സിൻ എടുക്കാത്തവർക്ക് പൊതു പരിപാടികളിലൊ, ബാർ, റെസ്റ്റോറന്റ് പോലുള്ള സ്ഥലങ്ങളിലോ വരുന്ന തിങ്കളാഴ്‌ച്ച മുതൽ പ്രവേശനം ഉണ്ടായിരിക്കില്ല. അടുത്തകാലത്ത് രാജ്യത്ത് രോഗവ്യാപനം ക്രമാതീതമായി വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം സർക്കാർ എടുത്തത്. സമാനമായ നിയന്ത്രണം നടപ്പിൽ വരുത്താൻ സ്ലോവാക്യൻ സർക്കാരും ആലോചിക്കുന്നുണ്ട്. ഇവിടെയും രോഗവ്യാപനം കണക്കില്ലാതെ വർദ്ധിക്കുകയാണ്.
ജർമ്മൻ സംസ്ഥാനമായ ബവേറിയയിലും സമാനമായ നിയമമുണ്ട്. വാക്സിൻ എടുക്കാത്തവർ ജോലിക്ക് പോകുന്നതും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതും നിരോധിക്കുമെന്നും ജർമ്മൻ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആസ്ട്രിയയിൽ ഇത് ഇപ്പോൾ തന്നെ പ്രാബല്യത്തിലുണ്ട്. ഇറ്റലിയും ഇത്തർത്തിലുള്ള നിയമങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നു. ബ്രിട്ടനിലും ഏറെ വൈകാതെ ഇത്തരം കർശനനടപടികൾ വേണ്ടിവരും എന്നാണ് ഈ രംഗത്തെ പല വിദഗ്ദരും പറയുന്നത്.
കൂടിയും കുറഞ്ഞും ബ്രിട്ടനിലെ കോവിഡ് വ്യാപനം തുടരുകയാണ്. ശൈത്യകാലത്ത് അഭൂതപൂർവ്വമായ വർദ്ധനവ് രോഗവ്യാപന തോതിൽ ഉണ്ടായേക്കാം എന്നാണ് ആരോഗ്യരംഗത്തെ ചില പ്രമുഖർ പറയുന്നത്. അത്തരമൊരു സാഹചര്യത്തിൽ എൻ എച്ച് എസിനു മേൽ അമിതസമ്മർദ്ദമുണ്ടായാൽ പ്ലാൻ ബി നടപ്പിലാക്കേണ്ടതായി വരും എന്നതിന്റെ സൂചനകൾ പലപ്പോഴായി പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയിരുന്നു. എന്നാൽ, കാര്യങ്ങൾ കൈവിട്ടുപോവുകയാണെങ്കിൽ ചിലപ്പോൾ ഒരു ലോക്ക്ഡൗൺ കൂടി വേണ്ടി വന്നേക്കാം.

