- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരമിക്കലിന്റെ എട്ടാം വാർഷികത്തിൽ ആദിവാസി കുട്ടികളെ സന്ദർശിച്ച് സച്ചിൻ
കൊച്ചി: ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന്റെ എട്ടാം വാർഷികമായ നവംബർ 16ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ താൻ പിന്തുണയ്ക്കുന്ന കുട്ടികൾക്കായുള്ള സാമൂഹിക പദ്ധതികൾ സന്ദർശിച്ചു. പിതാവ് രമേഷ് തെൻഡുൽക്കറുടെ സ്മരണയ്ക്കായി സന്നദ്ധ സംഘടനായ പരിവാരുമായി സഹകരിച്ച് തന്റെ ഫൗണ്ടേഷൻ നിർമ്മിക്കുന്ന സ്‌കൂളിന്റെ നിർമ്മാണവും അദ്ദേഹം വിലയിരുത്തി. കോവിഡ് 19 നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെയാണ് മധ്യപ്രദേശിലെ വിദൂര ഗ്രാമമായ സെവാനിയയിൽ കുട്ടികളെ നേരിട്ട് സന്ദർശിക്കാൻ സച്ചിൻ എത്തിയത്.
സച്ചിന്റെ ഫൗണ്ടേഷൻ പിന്തുണയ്ക്കുന്ന പരിവാർ സേവാ കുടീരങ്ങൾ ഏറ്റവും ദുർബലരായ ആദിവാസി കുട്ടികൾക്ക് വേണ്ടിയാണ് നടത്തുന്നത്. പോഷകസമൃദ്ധമായ ഭക്ഷണം, സൗജന്യ വിദ്യാഭ്യാസം, കായിക പരിശീലനം എന്നിവ ഇവിടെ കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്. കുട്ടികളുമായും കേന്ദ്രത്തിലെ യുവ അദ്ധ്യാപകരുമായും സച്ചിൻ സംവദിച്ചു. കുട്ടികൾക്കൊപ്പം കളിക്കാനും സച്ചിൻ സമയം കണ്ടെത്തി. പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് പോഷകാഹാരം പാകം ചെയ്യുന്നതെങ്ങനെയെന്ന് മനസിലാക്കാൻ അടുക്കളയും സന്ദർശിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി, തന്റെ ഫൗണ്ടേഷൻ പിന്തുണയ്ക്കുന്ന ഒരു സ്‌കൂളിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ സന്ദൽപൂരിലും സച്ചിൻ എത്തി. ആദിവാസി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന റെസിഡൻഷ്യൽ സ്‌കൂളുകൾ 10 വർഷത്തിനുള്ളിൽ ഏകദേശം 2,300 കുട്ടികളെ ഉൾക്കൊള്ളുമെന്നാണ് കരുതുന്നത്.
കളത്തിന് പുറത്തും അകത്തും ടീം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് എല്ലായ്‌പ്പോഴും പ്രിവിലേജ് ആണെന്ന് സന്ദർശനത്തിന് ശേഷം സച്ചിൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു. പരിവാരിനൊപ്പം തങ്ങൾ നിർമ്മിക്കുന്ന സേവാകുടീരങ്ങളും സൗജന്യ റെസിഡൻഷ്യൽ സ്‌കൂളും സന്ദർശിക്കുന്നതിൽ സംതൃപ്തിയുണ്ട്. നമ്മുടെ കുട്ടികൾക്ക് ഈ ലോകത്തെ മികച്ചതും തിളക്കവുമുള്ളതുമാക്കാൻ കഴിയും. അവർക്കെല്ലാം തുല്യ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് നമ്മൾ ഉറപ്പാക്കണമെന്നും സച്ചിൻ ട്വീറ്റ് ചെയ്തു.
സച്ചിൻ തെൻഡുൽക്കർ മധ്യപ്രദേശിലും പശ്ചിമ ബംഗാളിലും ആയിരക്കണക്കിന് പാവപ്പെട്ട ആദിവാസി കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്ന തങ്ങളുടെ വിവിധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ സന്ദർശനം തങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും പരിവാർ സ്ഥാപകൻ വിനായക് ലൊഹാനി പറഞ്ഞു.