ദോഹ : 'നാം' കരുത്തരാവുക കരുതലാവുക എന്ന പ്രമേയത്തിൽ ഒരു മാസത്തോളമായി ഖത്തർ  നടത്തി വരുന്ന കാമ്പയിൻ ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും.

കോവിഡ് കാലഘട്ടം സൃഷ്ടിച്ച സാമൂഹിക അകലം, സാമ്പത്തിക അസ്ഥിരത, തൊഴിൽപരമായ പ്രശ്‌നങ്ങൾ തുടങ്ങി വ്യത്യസ്ത കാരണങ്ങളാൽ പ്രവാസി യുവത അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ അഭിമുഖീകരിക്കുക, സമീപകാലത്തായി സമൂഹത്തിൽ വർധിച്ചു വരുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ സഹോദര്യത്തിന്റെയും ഉൾക്കൊള്ളലിന്റെയും മൂല്യങ്ങളിലൂന്നി ചെറുത്തു തോല്പിക്കാൻ യൗവനത്തെ പ്രാപ്തമാക്കുക എന്നീ ദ്വിമുഖ ലക്ഷ്യങ്ങളോടെ ഒക്ടോബർ 15 നാണ് കാമ്പയിൻ ആരംഭിച്ചത്.

കാമ്പയിനോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസെഴ്‌സ് മീറ്റ്, കൗൺസലേഴ്‌സ് & സോഷ്യൽ വർക്കേഴ്‌സ് ഗാതെറിങ്, കലയോരം എന്ന പേരിൽ ദോഹയിലെ കലാകാരന്മാരുടെ സംഗമം, ഖത്തറിലെ സിനിമാ പ്രവർത്തകരുടെ ഒത്തുചേരൽ എന്നിവ പ്രധാന പരിപാടികളായിരുന്നു. കാമ്പയിൻ പ്രചാരണാർത്ഥം ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ യൂത്ത് മീറ്റുകളും, യാത്രകളും സംഘടിപ്പിച്ചു.

ഖത്തറിൽ തൊഴിൽ-വിദ്യാഭ്യാസ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവാക്കൾക്കായി ഏർപ്പെടുത്തിയ 'യൂത്ത് എക്‌സലൻസ് അവാർഡ്-2021' വിജയികളെ സമാപന സമ്മേളനത്തിൽ പ്രഖ്യാപിക്കും. അവർക്കുള്ള ഉപഹാരം സമ്മേളന വേദിയിൽ വെച്ചു സമർപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സമ്മേളന ദിവസം യൂത്ത്‌ഫോറം തീം സോങ് പ്രകാശനവും നടക്കും. യൂത്ത്‌ഫോറം പ്രവർത്തകൻ തൗഫീഖ് എരുമേലി രചിച്ച വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ അമീൻ യാസർ ഈണം പകർന്ന ഗാനം ആലപിച്ചത് യുവ പിന്നണി ഗായകൻ അക്‌ബർ ഖാൻ ആണ്. യൂത്ത്‌ഫോറം ഖത്തർ യൂട്യൂബ് ചാനലിൽ ഇന്ന് മുതൽ തീം സോങ് ലഭ്യമാവും.

സൂം, യൂട്യൂബ് ഡിജിറ്റൽ പ്ലാറ്റഫോമുകൾ വഴി സമ്മേളനം വീക്ഷിക്കാൻ സൗകര്യമുണ്ടായിരിക്കും.