തൃശൂർ: കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിവേഗ റെയിൽ പദ്ധതി സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സന്തുലനം തകർക്കുന്നതാണ്. സാമൂഹിക ആഘാത പഠനം പോലും നടത്തിയിട്ടില്ല. വൻതോതിൽ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പദ്ധതിയെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിനും സർക്കാരിന് ഉത്തരമില്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ മരം മുറിയിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും ഭരണ നേതൃത്വത്തിലെ ഉന്നതർ ചേർന്നുള്ള ഒത്തുകളിയായിരുന്നു ഉത്തരവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ കേസ് തോറ്റു കൊടുക്കാനാണ് കേരളത്തിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. തൃശൂരിൽ യുഡിഎഫ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.