- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ന്യൂനമർദ്ദം: ദക്ഷിണേന്ത്യൻ തീരങ്ങളിൽ നാശം വിതച്ച് കനത്ത മഴ; തിരുപ്പതിയിൽ വെള്ളപ്പൊക്കം; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
ഹൈദരാബാദ്: ന്യൂനമർദ്ദത്തെ തുടർന്ന് ദക്ഷിണേന്ത്യൻ തീരങ്ങളിൽ കനത്ത മഴ. ആന്ധ്രപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രത്തിലും, പരിസരത്തും വെള്ളപ്പൊക്കമുണ്ടായതായി ഭരണകൂടം അറിയിച്ചു. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
ആന്ധ്രപ്രദേശിലെ വിവിധ നഗരങ്ങളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ശക്തമായ നീരൊഴുക്കിനെ തുടർന്ന് പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് തിരുപ്പതിയിൽ ഇറക്കേണ്ട പല വിമാനങ്ങളും വഴി തിരിച്ച് വിട്ടതായി വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. വെള്ളപ്പൊക്കബാധിത പ്രദേശത്ത് ശക്തമായ നിരീക്ഷണം നടത്തി വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അധികാരികൾക്ക് നിർദ്ദേശം നൽകി.
ശക്തമായ മഴയെ തുടർന്ന് തിരുപ്പതിയിലേയ്ക്കുള്ള കനുമ റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ തിരുമലയിലേയ്ക്കുള്ള പാപനാശം റൂട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി) അടച്ചു. കൂടാതെ തിരുമല ചിറ്റൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഹരി നാരായണൻ അറിയിച്ചു.
ന്യൂസ് ഡെസ്ക്